നടിക്കെതിരായ അതിക്രമം; 40 ദിവസം പിന്നിട്ടിട്ടും ഗൂഢാലോചന തെളിയിക്കാനാകാതെ പൊലീസ് 

സുനിയെ കൂടാതെ മാറ്റാരെങ്കിലും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടോ എന്നത് വ്യക്തമാകുന്നതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല
നടിക്കെതിരായ അതിക്രമം; 40 ദിവസം പിന്നിട്ടിട്ടും ഗൂഢാലോചന തെളിയിക്കാനാകാതെ പൊലീസ് 

കൊച്ചി: നടിക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് 40 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു മുന്നേറ്റവും നടത്താനാകാതെ അന്വേഷണ സംഘം. നടിക്കെതിരായ അതിക്രമത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. 

പള്‍സര്‍ സുനിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.  ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല.

സുനി ഉള്‍പ്പെടെ ആക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ആറ് പേര്‍ക്കെതിരെ ചുമത്തേണ്ട വകുപ്പുകളെ സംബന്ധിച്ചും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. തട്ടിക്കൊണ്ടു പോയതിന് ശേഷം നടിയുടെ ഫോട്ടോ എടുത്ത മൊബൈല്‍ ഫോണും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

പ്രതികളില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുകയെന്ന്‌  അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയിലാണ് പരിശോധന നടത്തുന്നത്. 

പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി ആയിരിക്കും ആലുവ ഡിവൈഎസ്പി കെ.ജി.ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. 

മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞെന്ന സുനിയുടെ മൊഴി അന്വേഷണത്തെ വഴിതിരിച്ച് വിടാനാണെന്നാണ് പൊലീസ് നിഗമനം. നാല് സിം കാര്‍ഡുകളും, മെമ്മറി കാര്‍ഡ്, കാര്‍ഡ് റീഡര്‍, അക്രമം നടത്തുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും സുനിയുടെ അഭിഭാഷകന്റെ വസതിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com