കിണറുള്ളവരുടെ ശ്രദ്ധയ്ക്ക്‌; കക്കഞ്ചേരിയില്‍ കിണര്‍ വെള്ളം മോഷ്ടിച്ചു

കിണറുള്ളവരുടെ ശ്രദ്ധയ്ക്ക്‌; കക്കഞ്ചേരിയില്‍ കിണര്‍ വെള്ളം മോഷ്ടിച്ചു

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലെ കക്കഞ്ചേരിയിലാണ് വീട്ടുപറമ്പിലെ കിണറില്‍ നിന്നും മോട്ടോര്‍ വെച്ച് വെള്ളം മോഷ്ടിച്ചത്

നടുവണ്ണൂര്‍: പച്ചക്കറി നനയ്ക്കുന്നതിനായി മോട്ടര്‍ ഓണ്‍ ചെയ്തതായിരുന്നു കക്കഞ്ചേരി ബാപ്പറ്റ ഇല്ലത്ത് പറമ്പിലെ ചായടം ഗോവിന്ദന്‍ നമ്പൂതിരി. പക്ഷെ വെള്ളം വരാതായതോടെ കിണറ്റില്‍ നോക്കിയ ഗോവിന്ദന്‍ നമ്പൂതിരി ഒന്ന് ഞെട്ടി. കിണറ്റില്‍ വെള്ളമില്ല. 

വേനലിന്റെ അത്ഭുത പ്രതിഭാസമായിരിക്കാം എന്നാണ് ഗോവിന്ദന്‍ നമ്പൂതിരിയും കുടുംബവും ആദ്യം ചിന്തിച്ചത്. എന്നാല്‍ കിണറിനോട് ചേര്‍ന്ന് മണ്ണില്‍ വാഹനത്തിന്റെ ടയറിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വെള്ളം ആരോ മോഷ്ടിച്ചതായിരിക്കാം എന്നവര്‍ക്ക് മനസിലായത്. കിണറ്റിലെ വെള്ളം മാത്രമല്ല. പറമ്പലിലെ അഞ്ച് വാഴക്കുലകളും വെള്ളക്കള്ളന്മാര്‍ മോഷ്ടിച്ചിട്ടുണ്ട്.

കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് കിണര്‍ വെള്ളം മോഷ്ടിച്ചിരിക്കുന്ന സംഭവം. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലെ കക്കഞ്ചേരിയിലാണ് വീട്ടുപറമ്പിലെ കിണറില്‍ നിന്നും മോട്ടോര്‍ വെച്ച് വെള്ളം മോഷ്ടിച്ചത്. ശബ്ദമില്ലാത്ത മോട്ടറായിരിക്കാം ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 

കിണറിനോട് ചേര്‍ന്നുണ്ടായിരുന്ന കല്ലുകളും മോഷണ സംഘം മറിച്ചിട്ടിട്ടുണ്ട്. രണ്ടേക്കറോളം വരുന്ന പറമ്പന്റെ അകത്തുള്ള കിണറായതിനാല്‍ വാഹനം വരുന്നതിന്റെ ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാന്‍ സാധിക്കില്ലെന്നാണ് കുടുംബം പറയുന്നത്. ടാങ്കില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള പൈപ്പുകളും ഈ കിണറിനോട് ചേര്‍ന്ന് തന്നെയുണ്ട്. ഇതും വെള്ളം മോഷ്ടിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ടാകാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com