സിപിഐക്കാര്‍ സരസന്‍ കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരി

ഇടതുനേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെ
സിപിഐക്കാര്‍ സരസന്‍ കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരി


കണ്ണൂര്‍: സര്‍ക്കാരിനെതിരെ പ്രതിപക്ഷവുമായി ചേര്‍ന്ന് ആക്രമണം നടത്തുന്ന സിപിഐ നേതാക്കള്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ സരസന്‍ കേസ് ഓര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സരസനെ കൊന്നെന്നും കുഴിച്ചിട്ടെന്നുമൊക്കെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിനൊപ്പം ചേരുകയായിരുന്നു അന്ന് സിപിഐ. തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി പ്രതിപക്ഷം അത് ഉപയോഗിക്കുകയും ചെയ്തു. പിന്നീട് സരസന്‍ തിരിച്ചെത്തിയപ്പോള്‍ ഇവര്‍ക്കൊന്നും ഒന്നും പറയാനുണ്ടായിരുന്നില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കൊപ്പം ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശത്രുവിന് മുതലെടുക്കാന്‍ അവസരമൊരുക്കി നല്‍കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കേന്ദ്രഭരണമുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസും അതിനൊപ്പം ചേരുകയാണ്. ഇടതുനേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഓരോന്നിനും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വിശദമായ മറുപടി നല്‍കി.

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ല

നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രചരിക്കപ്പെടുന്നത് വസ്തുതാപരമായ കാര്യങ്ങള്‍ അല്ലെന്ന് കോടിയേരി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന മാവോയിസ്റ്റുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. പൊലീസിനെ ആക്രമിച്ചപ്പോള്‍ തിരിച്ചു പൊലീസ് നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരെ കസ്റ്റഡിയിയില്‍ എടുത്ത ശേഷം വെടിവച്ചു കൊല്ലുകയോ സമരത്തിനിടയിലുണ്ടായ വെടിവയ്പില്‍ മരിക്കുകയോ അല്ലായിരുന്നു. ഇക്കാര്യത്തില്‍ മാവോയിസ്റ്റുകള്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് പ്രചാരണം നടത്തുന്നവര്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

സിപിഎം യുഎപിഎയ്ക്ക് എതിര്

യുഎപിഎ നിയമം നിര്‍മിച്ച ഘട്ടത്തില്‍ തന്നെ അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ഇന്നും സിപിഎം അതിന് എതിരാണ്. എന്നാല്‍ സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എടുക്കുന്ന കേസുകളില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതികളൂണ്ട്. കാര്യം മനസിലാക്കാതെയാണ് യുഎപിഎയുമായി ബന്ധപ്പെട്ട കാനം പ്രതികരണം നടത്തിയതെന്ന് കോടിയേരി ആരോപിച്ചു.

വിവാരാവകാശ നിയമത്തില്‍ വേണ്ടത് വ്യക്തത

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളിലും ഈ അവ്യക്തയുണ്ട്. അന്തിമ ഉത്തരവ് ഇറങ്ങുമ്പോഴാണ് തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതെന്ന് ചില വിധികളില്‍ പറയുന്നു. കേരളത്തില്‍ അതിനു കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ വെബ് സൈറ്റില്‍ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. എങ്കിലും ഏതു ഘട്ടത്തിലാണ് വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങള്‍ നല്‍കേണ്ടതെന്ന അവ്യക്തത നീക്കാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടിയേരി പറഞ്ഞു.

വര്‍ഗീസിനെക്കുറിച്ചുള്ള സത്യവാങ്മൂലം തെറ്റ്

നക്‌സല്‍ നേതാവ് വര്‍ഗീസിനെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം ഹൈക്കോടതിയിലില്‍ നല്‍കിയത് തിരുത്താന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് കാലത്ത് തയാറാക്കിയ സത്യവാങ്മൂലം ആണിത്. സര്‍ക്കാര്‍ അഭിഭാഷനെ നിയമിക്കാന്‍ വൈകിയതാണ് അതേ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാരണമായത്. ഇത് തെറ്റാണെന്നും തിരുത്തണമെന്നും ആദ്യം പറഞ്ഞത് സിപിഎം ആണമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

മഹിജയുടെ സമരം അനാവശ്യം

ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ആസ്ഥാനത്ത് സമരത്തിനു വന്നത് അനാവശ്യമാണ്. ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇനിയും എന്തെങ്കിലും ചെയ്യേണ്ടത് ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഡിജിപി ആസ്ഥാനത്തെ സമരമുക്ത മേഖലയായി പ്രഖ്യാപിച്ചത് ആന്റണി സര്‍ക്കാരിന്റെ കാലത്താണ്.

സബ് കലക്ടര്‍ പൊലീസിനെ അറിയിച്ചില്ല

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ പോയ ദേവികുളം സബ് കലക്ടര്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു. പൊലീസിനെ അറിയിച്ച് നിയമപരമായി വേണമായിരുന്നു സബ് കലക്ടടര്‍ പ്രവര്‍ത്തിക്കേണ്ടത്. അവിടെ ഒരു ഭൂസംരക്ഷണ സേന പ്രവര്‍ത്തിക്കുന്നുണ്ട്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട സേനയല്ല ഇത്. ഏതാനും റിട്ട. സൈനിക ഉദ്യോഗസ്ഥരാണ് ഇതിലുള്ളത്. അവരുമായാണ് സബ് കലക്ടര്‍ പോയത്. സബ് കലക്ടറെ തടഞ്ഞത് പ്രാദേശിക പ്രവര്‍ത്തകരാണ്. സിപിഎം ഇടപെട്ടാണ് അവിടെ കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച ഷെഡ് പൊളിച്ചു മാറ്റിയതെന്നും കോടിയേരി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com