നക്‌സലൈറ്റ് ജോയിക്ക് പരോള്‍; നീതി നിഷേധിക്കപ്പെട്ട കേരളത്തിലെ അവസാന നക്‌സലൈറ്റ് തടവുകാരന്റെ ജീവിതം

ജസ്റ്റിന്‍ ജോയ് പരോള്‍ ലഭിച്ച് ഭാര്യയോടും മകളോടുമൊപ്പം തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് മടങ്ങുന്നു
ജസ്റ്റിന്‍ ജോയ് പരോള്‍ ലഭിച്ച് ഭാര്യയോടും മകളോടുമൊപ്പം തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് മടങ്ങുന്നു

കൊച്ചി: ജസ്റ്റിന്‍ ജോയിയുടെ പേരിലുള്ള കേസ് കൊലപാതകമാണ്. സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകത്തില്‍ മറ്റെല്ലാവരെയും വെറുതെ വിട്ടപ്പോഴും ജയിലില്‍ മൂന്നുപതിറ്റാണ്ടുകാലം ജീവിക്കേണ്ടിവന്ന നക്‌സലൈറ്റ് തടവുകാരനാണ് ജസ്റ്റിന്‍ ജോയ്. കഴിഞ്ഞദിവസമാണ് ജസ്റ്റിന്‍ ജോയിക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ചത്. ആറര വര്‍ഷത്തിന് ശേഷമാണ് ജോയിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.
വിപ്ലവമുന്നേറ്റങ്ങളുടെ നക്‌സലൈറ്റ് കാലത്ത് മുതലാളിത്തത്തിനെതിരെ ആഞ്ഞടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളില്‍ പങ്കാളിത്തം വഹിച്ചതായിരുന്നു ജോയ് എന്ന നക്‌സലൈറ്റ് ആശയക്കാരന്‍. ആലപ്പുഴയിലെ കാഞ്ഞിരംചിറയില്‍ സോമരാജനെന്ന കയര്‍ ഫാക്ടറി മുതലാളിയായിരുന്നു ഒരു ടാര്‍ഗറ്റ്. തൊഴിലാളികള്‍ ഒന്നടങ്കം ഫാക്ടറി മുതലാളിയുടേത് 'ക്രൂരമായ വാഴ്ച'യാണ് എന്ന് പരാതി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആക്ഷന് പദ്ധതിയിടുന്നത്. രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്ന സോമരാജന്‍ എന്ന ഫാക്ടറി മുതലാളിയുടെ കൊലപാതകമായിരുന്നു അത്. 1980 മാര്‍ച്ച് 29നായിരുന്നു അത് സംഭവിച്ചത്.
ധീരമായ ആക്ഷന്‍ എന്ന് കൊട്ടിഘോഷിക്കപ്പെട്ടുവെങ്കിലും 16 പേരെ പ്രതി ചേര്‍ത്ത് കേസായി. 1985ല്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. ഈ സമയത്ത് ജസ്റ്റിന്‍ ജോയ് പ്രതിയായിരുന്നില്ല. തൊടുപുഴ സെഷന്‍സ് കോടതി 16 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1989ല്‍ ഹൈക്കോടതിയിലെത്തിയ കേസില്‍ ഏഴുപേര്‍കൂടി പ്രതിചേര്‍ക്കപ്പെട്ടു. അതിലൊരാളായിരുന്നു ജസ്റ്റിന്‍ ജോയ്. ഹൈക്കോടതിയിലും എല്ലാവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ 19-ാം പ്രതിയായി ജോയ് മാറി.
ഏഴാം പ്രതി മോഹനന്‍ പരോള്‍ കാലയളവില്‍ മരണപ്പെട്ടു. ഒന്‍പതാം പ്രതി സെബാസ്റ്റ്യനെന്ന കുഞ്ഞപ്പനും പത്താം പ്രതി ബാഹുലേയനും തടവറയില്‍ മരണപ്പെട്ടു. പി.എം.ആന്റണി കലാകാരനെ പരിഗണനയില്‍ പിന്നീട് ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ടു. ശിഷ്ടം പതിനെട്ടുപേര്‍ ശിക്ഷ തുടര്‍ന്നു. ശിക്ഷിക്കപ്പെട്ടവരില്‍ 15 പേര്‍ നിരപരാധികളാണെന്ന് കേസിലെ പതിനാറാം പ്രതിയായി ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ പീറ്റര്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി. ആക്ഷന് നേതൃത്വം നല്‍കിയ കുതിരപ്പന്തി സുധാകരന്‍വരെ കുറ്റവിമുക്തനായി. എന്നിട്ടും ജസ്റ്റിന്‍ ജോയ് മാത്രം ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു.


1989ല്‍ ജയിലിലായ ജോയിക്ക് ഒരു മാസത്തിനുശേഷം അമ്മക്ക് സുഖമില്ലാതായപ്പോള്‍ പരോള്‍ ലഭിച്ചിരുന്നു. 45 ദിവസം കഴിഞ്ഞ് പിന്നെയും ജയിലിലേക്ക് മടങ്ങി. അതും കഴിഞ്ഞ് 1990ല്‍ ഒരിക്കല്‍ക്കൂടി പരോളില്‍ വന്നു. തിരികെ പോകാതെ വ്യവസ്ഥ ലംഘിച്ച് ഒളിവില്‍ ജീവിതം നീക്കുകയായിരുന്ന ജോയിയെ 1997ല്‍ പോലീസ് പിടിച്ചുകൊണ്ടുപോയി. 1999ല്‍ പരോളില്‍ വീണ്ടുമിറങ്ങുമ്പോള്‍ രോഗബാധിതനായിരുന്നു ജോയ്. 2010ല്‍ പിന്നെയും ജയിലിലേക്ക്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നിരപരാധിത്വം തെളിയിക്കാന്‍ പുനരന്വേഷണം നടത്താനുള്ള സാധ്യതകള്‍ അന്വേഷിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് അംഗീകരിച്ചിരുന്നുവെങ്കിലും തുടര്‍ന്നങ്ങോട്ട് ഒന്നും നടന്നില്ല. ഒരുമാസത്തെ പരോള്‍ തീരുന്നതോടെ ജസ്റ്റിന്‍ ജോയ് വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും. ആക്ഷന് നിര്‍ദ്ദേശം നല്‍കിയ ഭാസുരേന്ദ്രബാബു അടക്കമുള്ളവര്‍ സി.പി.എം. സഹയാത്രികനായി പുറത്ത്‌ നില്‍ക്കുമ്പോഴും ആക്ഷനില്‍ പങ്കെടുത്തുവെന്ന് അപൂര്‍വ്വമായ വിധിപ്രഖ്യാപനത്തിലൂടെ 19-ാം പ്രതിയാക്കപ്പെട്ട ജസ്റ്റിന്‍ ജോയ് അനാരോഗ്യകരമായ ജീവിതവുമായി വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും. ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പെട്ട് അടുത്തിടെ ജയിലിലായവരെപ്പോലും ശിക്ഷാകാലാവധി കുറച്ചുനല്‍കുന്നതിനായി ശുപാര്‍ശ ചെയ്യുന്ന കാലത്താണ് സി.എ. ജോസഫെന്ന ജസ്റ്റിന്‍ ജോയ് അവസാന നക്‌സലൈറ്റ് തടവുകാരനായി ഇപ്പോഴും തുടരേണ്ടിവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com