അന്തരിച്ച മുന്‍ഷി വേണുവിനെ മതംമാറ്റി ജോണാക്കിയെന്ന് ജന്‍മഭൂമി 

അന്തരിച്ച മുന്‍ഷി വേണുവിനെ മതംമാറ്റി ജോണാക്കിയെന്ന് ജന്‍മഭൂമി 

ചാലക്കുടി: അന്തരിച്ച കലാകാരന്‍ മുന്‍ഷി വേണു നാരായണനെ മതം മാറ്റിയെന്ന് ബിജെപി മുഖപത്രം ജന്‍മഭൂമി. അദ്ദേഹം അവസാന നാളുകളില്‍ കഴിഞ്ഞിരുന്ന മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രം വേണുവിനെ മതംമാറ്റി ജോര്‍ജ്ജ് ജോണാക്കി എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന മതം മാറ്റത്തിന് ഒരു ഇരകൂടി എന്ന് തുടങ്ങുന്ന വാര്‍ത്തയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് മുന്‍ഷി വേണുവിനെ മതപരിവര്‍ത്തനത്തിന് വിധേയനാക്കിയത് എന്ന് പറയുന്നു. 

ജന്‍മഭൂമി വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ:

ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ആശ്രയമറ്റാണ് വേണു ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്.  ഇവിടെ പ്രവേശിപ്പിക്കണമെങ്കില്‍ മതംമാറണമെന്ന് അധികൃതര്‍ വേണുവിനെ നിര്‍ബന്ധിച്ചിരുന്നു. ആദ്യം ഇതിന് വഴങ്ങിയില്ലെങ്കിലും മറ്റുഗതിയൊന്നും ഇല്ലാതായതോടെ വേണു സമ്മതിക്കുകയായിരുന്നു. അടുത്ത ചില സുഹൃത്തുക്കള്‍ക്കുമാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്.
വേണുവിന്റെ സംസ്‌കാരം നടത്തിയത് ആലുവ തോട്ടക്കാട്ടുകര മലങ്കര സെന്റ് ജോര്‍ജ്ജ് പള്ളിസെമിത്തേരിയിലാണ്. ക്രിസ്തുമതാചാരപ്രകാരം തന്നെയായിരുന്നു സംസ്‌കാരം. ധ്യാനകേന്ദ്രത്തില്‍ താമസിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനാവില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ വേണു നിരാശനായിരുന്നു.

വേണുവിന്റെ മരണത്തെത്തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ സ്ഥാപിച്ച ഫഌ്‌സ് ബോര്‍ഡിലും വേണുവിന്റെ ചിത്രത്തിന് താഴെ ജോണ്‍ജോര്‍ജ്ജ് എന്ന പേരാണ് നല്‍കിയിരുന്നത്.
മതപരിവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ വിദേശഫണ്ട് സ്വീകരിക്കുന്നതായും ധ്യാനകേന്ദ്രത്തിനെതിരെ ആരോപണമുണ്ട്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന അന്യമതസ്ഥരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് പതിവാണ്. സേവനത്തിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തന്നെയാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com