കുമ്മനത്തിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു;ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

കേരളം പിടിക്കാന്‍ കാത്തിരുന്ന അമിത് ഷാ കനത്ത തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിനെ അതൃപ്തി അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍
കുമ്മനത്തിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു;ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

ന്യുഡല്‍ഹി:മലപ്പുറത്തെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. കുമ്മനം രാജശേഖരന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുമ്മനം ശൈലിക്കെതിരെ സംസ്ഥാനത്തും കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട് എന്നാണ് സൂചനകള്‍. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 സീറ്റുകള്‍ എങ്കിലും നേടണമെന്ന് ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചതിന്റെ പിറ്റേദിവസം തന്നെ തോല്‍വിയുടെ കനത്ത വാര്‍ത്ത തേടിയെത്തിയത് കേന്ദ്ര നേതൃത്വത്തിന് വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട് എന്നാണ് സൂചനകള്‍. മലപ്പുറത്ത് ഒരു ലക്ഷം വോട്ടെങ്കിലും പിടിക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനനത്തായി. 2014ലെ ലോകസഭ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് വര്‍ധിപ്പിക്കാനായത് വെറും 970 വോട്ടുകള്‍ മാത്രമാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാല്‍ 7000ന് മുകളില്‍ വോട്ട് കുറയുകയും ചെയ്തു. 

കേരളം പിടിക്കാന്‍ കാത്തിരുന്ന അമിത് ഷാ കനത്ത തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിനെ അതൃപ്തി അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 

കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ സംസ്ഥാന നേതൃത്വത്തിനും വിമര്‍ശനമുണ്ട്. ശോഭ സുരേന്ദ്രന്റെ പേര് വെട്ടി കുമ്മനമാണ് പ്രാദേശിക നേതാവായ ശ്രീപ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഒരു ഘട്ടത്തിലും ശ്രീപ്രകാശിന് എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ല എന്നാണ് ചില നേതാക്കളുടെ ആക്ഷേപം. കൂട്ടായ ചര്‍ച്ചകള്‍ക്ക് പകരം തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുക്കുന്നു എന്ന് കുമ്മനത്തിനെതിരെ തുടക്കം മുതല്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതിയുണ്ട്. ബിജെപിക്ക് സംഭവിച്ച കനത്ത പരാജയത്തെപ്പറ്റി കുമ്മനം രാജശേഖരന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com