അമ്പലപ്പുഴയിലെ തിരുവാഭരണം കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ചതായി ദേവസ്വം കമ്മിഷണര്‍

വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവ രത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായെന്നാണ് പരാതി
അമ്പലപ്പുഴയിലെ തിരുവാഭരണം കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ചതായി ദേവസ്വം കമ്മിഷണര്‍

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ പതക്കം കാണാതായെന്ന പരാതിയെ തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ അന്വേണത്തിന് ഉത്തരവിട്ടു. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവ രത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായെന്നാണ് പരാതി. 

ഇന്ന് രാവിലെ തനിക്ക് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ സി.പി.രാമപ്രസാദ് സമകാലിക മലയാളത്തോട് സ്ഥിരീകരിച്ചു. ദേവസ്വത്തിന്റെ തിരുവാഭരണം കമ്മിഷണര്‍ എസ്.പാര്‍വതിക്കാണ് അന്വേഷണ ചുമതല.

തിരുവാഭരണം നഷ്ടപ്പെട്ടതായി ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമെ ഇത് വ്യക്തമാവുകയുള്ളെന്നും കമ്മിഷണര്‍ പറഞ്ഞു. 

നൂറ്റാണ്ടുകളുടെ പഴക്കമുള്ള പതക്കമാണ് നഷ്ടമായത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി തിരുവാഭരണം എടുത്തപ്പോഴാണ് പതക്കം കാണാതായത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് സൂചന. ഇത് അറിഞ്ഞ ജീവനക്കാര്‍ വിവരം ദേവസ്വത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഭക്തരില്‍ ആരോ ആണ് കമ്മിഷണറെ ഫോണില്‍ അറിയിച്ചതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com