മൂന്നാര്‍: യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട് തള്ളി ടിഎന്‍ പ്രതാപന്‍

മൂന്നാര്‍: യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട് തള്ളി ടിഎന്‍ പ്രതാപന്‍

അനധികൃത കൈയേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് ഇടിച്ച് നിരത്തുക തന്നെ വേണം - എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പൊതുഭൂമി കയ്യേറുന്നവന്റെ കൂടെ നിന്നുകൂടാ 

കൊച്ചി: മൂന്നാറില്‍ എല്ലാം കൈയേറ്റങ്ങള്‍ക്കുമൊപ്പം സ്പിരിച്വല്‍ ടൂറിസവും ഇടിച്ച് നിരത്തണമെന്ന് ടിഎന്‍ പ്രതാപന്‍. പഴയ ഹരിതഎംഎല്‍എ സംഘത്തിലെ വിടി ബല്‍റാമിന് പിന്നാലെയാണ് പ്രതാപനും യുഡിഎഫ് നേതൃത്വത്തെ തള്ളി രംഗത്തുവന്നത്. സ്പിരിച്വല്‍ ടൂറിസം എന്ന നാമകരണം നല്‍കി മതചിഹ്നങ്ങള്‍ അടയാളങ്ങളായി ചിലര്‍ സ്ഥാപിച്ചിരിക്കുന്ന കൈയേറ്റങ്ങളും തകര്‍ക്കപ്പെടേണ്ടതാണെന്ന് ടിഎന്‍ പ്രതാപന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

മൂന്നാറില്‍ സര്‍ക്കാരിന്റെ റവന്യൂഭൂമിയും അതൊടൊപ്പം കേരള ഇലക്ട്രിസിറ്റി ഭൂമിയും യാതൊരു നിയമപ്രാബല്യവുമില്ലാതെ അനധികൃതമായി കൈയേറ്റം നടത്തിയിരിക്കുകയാണ്.  ഇതിനെയെല്ലാം ശക്തമായി നിയമപിന്‍ബലത്തോട് കൂടി നേരിടാനുള്ള ഇച്ഛാശക്തി  ഭരണകൂടം കാണിക്കണം. സര്‍ക്കാരിന്റെ പൊതുഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല. ഭാവി തലമുറയ്ക്ക് വേണ്ടി കരുതിവെക്കാനുള്ള കരുതല്‍ ധനങ്ങളാണ്. അവ കൊള്ളയടിക്കുന്നവരെ തുറങ്കിലടയ്ക്കണം. സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുക തന്നെ വേണം. 

മൂന്നാറില്‍ ഒരുപാട് അനധികൃത കയ്യേറ്റങ്ങള്‍ ഉണ്ട്. അവ പ്രകൃതിയെ വെല്ലുവിളിച്ചും എല്ലാം പാരിസ്ഥിതിക നിയമം ലംഘിച്ചുമാണ്. ഇവയെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് ഇടിച്ച് നിരത്തുക തന്നെ വേണം. കൊടി നിറങ്ങള്‍ കാട്ടി അധികാര അഹങ്കാരങ്ങള്‍ ചുഴറ്റി നിയമം നടപ്പിലാക്കാന്‍ വരുന്നവരെ തടയുന്നവരും ഭീഷണിപ്പെടുത്തുന്നവരും ജനാധിപത്യത്തിനും പരിഷ്‌കൃതസമൂഹത്തിനും അപമാനമാണ്. ഇവരെ ബഹിഷ്‌കരിക്കാനുള്ള മനസെങ്കിലും മലയാളി കാണിക്കണം. 

ഇവിടെയാണ് നമ്മുടെ ധാര്‍മികത ഉയരേണ്ടത്. വിശ്വാസം എന്തുമാകട്ടെ അവയെല്ലാം ധാര്‍മികതയ്ക്ക് അപ്പുറമാകാന്‍ പാടില്ല.  ഒരു രാഷ്ട്രീയ പാര്‍ട്ടിയും
മുന്നണികളും പൊതുഭൂമി കയ്യേറുന്നവന്റെ കൂടെ നിന്നുകൂടാ. ഭൂരഹിതരായി കിടപ്പാടം ഇല്ലാതെ ആയിരങ്ങള്‍ മാനം നോക്കി കണ്ണീര്‍ പൊഴിക്കുന്ന മണ്ണാണ് നമ്മുടെത്. അവന്റെ നെഞ്ചിടിപ്പ് കേള്‍ക്കാതെ എങ്ങനെയാണ് രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും സ്വന്തം കൊടി ഉയര്‍ത്താന്‍ കഴിയുക. എല്‍ഡിഎഫാകട്ടെ യുഡിഎഫാകട്ടെ, എന്‍ഡിഎയാകട്ടെ അവരുടെയെല്ലാം ഇച്ഛാശക്തി നേരിന്റെ വഴിക്കാണെന്നുണ്ടെങ്കില്‍ ഒന്നിച്ച് കൂട്ടിക്കേട്ടണ്ടത് കൂട്ടിക്കെട്ടണം. അവിടെയാണ് മൂന്നാര്‍ നമ്മെ വിളിക്കുതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com