''നീ ഏത് മറ്റവനായാലും ശരി. വണ്ടിയില്‍ കയറെടാ'' പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ 'മണി'ഭാഷ. വീഡിയോ

തന്നെ മര്‍ദ്ദിക്കരുത് ഞാനൊരു തൊഴിലാളിയാണ് എന്ന് പറയുമ്പോഴായിരുന്നു പോലീസിന്റെ തെറി.
(ഫോട്ടോയും വീഡിയോയും കടപ്പാട്: കെ. സന്തോഷ് കുമാര്‍)
(ഫോട്ടോയും വീഡിയോയും കടപ്പാട്: കെ. സന്തോഷ് കുമാര്‍)

മൂന്നാര്‍: മന്ത്രി മണിയുടെ വിവാദ പരാമര്‍ശത്തിനു പിന്നാലെ ടൗണില്‍ സമരം ചെയ്യാനെത്തിയ പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ വകയും തെറിയും മര്‍ദ്ദനവും. പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ കുമാരന്‍ എന്നയാള്‍ക്കെതിരെയായിരുന്നു പോലീസ് തെറിഭാഷയില്‍ സംസാരിച്ചത്.
തന്നെ മര്‍ദ്ദിച്ച് ജീപ്പിലേക്ക് കയറ്റാനൊരുങ്ങുന്ന പോലീസിനോട് തന്നെ മര്‍ദ്ദിക്കരുത് ഞാനൊരു തൊഴിലാളിയാണ് എന്ന് പറയുമ്പോഴായിരുന്നു കുമാരനോട് പോലീസിന്റെ തെറിഭാഷയിലുള്ള മറുപടി. ''നീ മറ്റവനായാലും ശരി. വണ്ടിയില്‍ കയറെടാ''.


പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ ജീപ്പിലേക്ക് കയറ്റുമ്പോഴും അല്ലാതെയും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെമ്പിളൈ ഒരുമ നേതാവ് ഗോമതിയടക്കം വളരെ കുറച്ചു സ്ത്രീകള്‍മാത്രമായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇവരെ സഹായിക്കാനായിരുന്നു കുമാരന്‍ എന്ന തൊഴിലാളിയും സമരത്തില്‍ പങ്കെടുത്തത്. സമരത്തിനിടെ വനിതാ നേതാക്കളില്‍ പലരും തളര്‍ന്നുവീണപ്പോഴൊക്കെയും സഹായിക്കാനെത്തിയത് കുമാരനായിരുന്നു. ഇതാണ് പോലീസിനെ പ്രകോപിപ്പിച്ചതും. പോലീസ് സഭ്യമല്ലാത്ത രീതിയിലായിരുന്നു പെരുമാറിയത് എന്ന് കുമാരന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.


മന്ത്രി മണി തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയുള്ള തെറിഭാഷയായിരുന്നുവെങ്കില്‍ മന്ത്രി മണിയുടെ പോലീസും അതേ ഭാഷ തന്നെയാണ് സമരക്കാരോടും കാണിച്ചത് എന്ന് വ്യക്തമാക്കുന്നതായിരുന്നു പോലീസിന്റെ പെരുമാറ്റമെന്ന് സമരപ്രവര്‍ത്തകര്‍ പറഞ്ഞു.
വീഡിയോ കാണാം:

(ഫോട്ടോയും വീഡിയോയും കടപ്പാട്: കെ. സന്തോഷ് കുമാര്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com