എത്ര നാറ്റിച്ചാലും ഞാന്‍ അതിനുമുകളില്‍ ഉയര്‍ന്നു നില്‍ക്കും: എംഎം മണി;പെമ്പിളെ ഒരുമൈ അവിടെത്തന്നെയിരിക്കട്ടെ, മാപ്പ് പറയില്ല 

അവരവിടെ ഇരിക്കട്ടെ, കൊണ്ടുപോയി ഇരുത്തിയവര്‍ അവസാനിപ്പിക്കട്ടെ, നിങ്ങളും കൂടെക്കൂടിക്കോ...
എത്ര നാറ്റിച്ചാലും ഞാന്‍ അതിനുമുകളില്‍ ഉയര്‍ന്നു നില്‍ക്കും: എംഎം മണി;പെമ്പിളെ ഒരുമൈ അവിടെത്തന്നെയിരിക്കട്ടെ, മാപ്പ് പറയില്ല 

കുഞ്ചിത്തണ്ണി: ഇടുക്കിയില്‍ ഇന്ന് നടക്കുന്ന ഹര്‍ത്താല്‍ അനാവശ്യമെന്ന് മന്ത്രി എംഎം മണി.കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. എത്ര നാറ്റിച്ചാലും ഞാന്‍ അതിനുമുകളില്‍ ഉയര്‍ന്നു നില്‍ക്കും. മാധ്യമങ്ങള്‍ ഒരുപാട് ഉപദ്രവിച്ചു. പ്രസംഗത്തില്‍ പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ എന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍ ആരുടേയും പേര് പരാമാര്‍ശിശിച്ചിട്ടില്ല. ദീര്‍ഘ പ്രസംഗമായിരുന്നു. അതില്‍ മാധ്യമങ്ങള്‍ സബ് കളക്ടറെ പറ്റി പറഞ്ഞത് ആദ്യ ഭാഗമായി കൊടുത്തു. പെമ്പുളൈ ഒരുമൈയെ പറ്റി പറഞ്ഞത് രണ്ടാം ഭാഗമായി കൊടുത്തു. പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വിശദീകരണം നല്‍കിയിട്ടുണ്ട്. അവരൊഴിച്ച് വേറെയാരും ഇതിനെ പറ്റി വിളിച്ചന്വേഷിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമം രാജിവെക്കും.

ഇന്നലെത്തന്നെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇനിയും പറയും. അതെന്റെ ധര്‍മ്മമായി കരുതുന്നു. പെമ്പിളൈ ഒരുമൈ, അവരവിടെ ഇരിക്കട്ടെ, കൊണ്ടുപോയി ഇരുത്തിയവര്‍ അവസാനിപ്പിക്കട്ടെ, നിങ്ങളും കൂടെക്കൂടിക്കോ, ഒരു ദിവസത്തെ വാര്‍ത്തയൊക്കെ കൊടുക്കെന്നേ... ഇനി അത് സംബന്ധിച്ച് ഒന്നും പറയാന്‍ പറ്റില്ല. ഞാന്‍ വരില്ല.ഖേദത്തിനപ്പുരം മാപ്പ് പറയില്ല. ഇന്ന് ഒരു മീറ്റിങ് വെച്ചിരുന്നു. ഹര്‍ത്താല്‍ വെച്ചതുകാരണം മാറ്റി. അല്ലേല്‍ അവിടെയൊരു പ്രസംഗം നടത്തിയെല്ലാം പറയാം എന്ന് കരുതി ഇരുന്നതാണ്. മണി പ്രതികരിച്ചു.

ഇത്രയും പ്രശ്‌നം നടന്നിട്ടും സിപിഐയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ ലോക്കല്‍ തലം മുഴുവന്‍ ഞങ്ങടെ മുഖ്യമന്ത്രിയേയും എന്നേയും അപമാനിക്കുകയാണ്. മിണ്ടാതിരിക്കുന്നത്് മുന്നണി മര്യാദ പാലിക്കാനാണ്. മണി പറഞ്ഞു.

സുരേഷ് കുറിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സബ് കളക്ടര്‍ക്കും എതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ആരുടേയും ഭൂമി കയ്യേറിയിട്ടില്ല. ആകെയുള്ള സ്വത്ത് കുഞ്ചിത്തണ്ണിയിലെ വീട് മാത്രമാണ്. മൂന്നാറലെ അമ്പലങ്ങളും പള്ളികളും എല്ലാമിരിക്കുന്നത് പുറമ്പോക്കില്‍ തന്നെയാണ്. മൂന്നാറില്‍ ഭൂമികയ്യേറ്റം എന്ന പ്രചരണം തെറ്റാണ്. 

കുരിശ് പൊളിച്ചതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത് നൂറ് ശതമാനം ശരിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സ്ഥലത്ത് കുരിശ് പൊളിച്ചു എന്ന് ലോകം മുഴുവന്‍ പ്രചരിച്ചാല്‍ അയോധ്യ പോലെയാകും. കുരിശിനെ കുറിച്ച് വാര്‍ത്ത കൊണ്ടുവന്നത് ജന്‍മഭൂമി പത്രമാണ്. പ്രശ്‌നം വഷളാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ്‌കാരാണ്. ഇതിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു. 

പ്രശ്‌നങ്ങള്‍ കണ്ടാല്‍ പറയാതിരിക്കാന്‍ തോന്നില്ല. അതാണ് എന്റെ പ്രശ്്‌നം. കണ്ടാലും പറയാതിരുന്നാല്‍ എങ്ങനെയാണ് പൊതു പ്രവര്‍ത്തനം നടത്തുക. മഹിജയുടെ കേസില്‍ പ്രതികരിച്ചത് ശരിയാണ്. ജിഷ്ണുവിന്റെ കേസില്‍ അവര്‍ ചെയ്യാന്‍ പറഞ്ഞതെല്ലാം സര്‍ക്കാര്‍ ചെയ്തു. സമരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. തോക്ക് സാമിയൊക്കെ എങ്ങനെ ഇതിനിടയില്‍ കയറി. വനിതാ പൊലീസ് വിളിച്ചുകൊണ്ടുപോകാന്‍ വന്നു. അവരവിടെ കിടന്നു. അപ്പോള്‍ പൊക്കിയെടുത്തുകൊണ്ടുപോയി ആശുപത്രിയിലാക്കി. അതാണ് സംഭവിച്ചത്. 
മണി പറഞ്ഞു. ശൈലിയില്‍ മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ ആത്മ പരിശോധന നടത്തുമെന്നും മണി പറഞ്ഞു. 

മണി പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല എന്നും മണി തങ്ങളുടെ അടുത്തുവന്ന് മാപ്പ് പറയാതെ സമരം പിന്‍വലിക്കില്ല എന്നും പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com