ഞങ്ങളുടെ വകുപ്പില്‍ മുഖ്യമന്ത്രി എന്തിനാ കൈയ്യിടുന്നത്?: സിപിഐ സംസ്ഥാന സമിതിയുടെ ചോദ്യം

മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കട്ടസപ്പോര്‍ട്ടുമായി സിപിഐ
ഞങ്ങളുടെ വകുപ്പില്‍ മുഖ്യമന്ത്രി എന്തിനാ കൈയ്യിടുന്നത്?: സിപിഐ സംസ്ഥാന സമിതിയുടെ ചോദ്യം

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കട്ടസപ്പോര്‍ട്ടുമായി സിപിഐ സംസ്ഥാന സമിതിയോഗം. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എം.എം. മണിയെയും വിമര്‍ശിക്കുകയും ചെയ്തു. സിപിഐയുടെ വകുപ്പായ റവന്യൂ വകുപ്പില്‍ മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും അനാവശ്യമായ ഇടപെടലാണ് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നു.
ഇടത് മുന്നണിയുടെ കൂട്ടായ നയത്തിന്റെ ഭാഗമായാണ് മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോയത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താല്‍പര്യപ്രകാരമല്ല. എന്നാല്‍ അതിനെ തടസ്സപ്പെടുത്താനാണ് ജില്ലയില്‍ നിന്നുള്ള മന്ത്രി എം.എം. മണിയും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കാനും ഭീഷണിപ്പെടുത്താനും വരെ ഇവര്‍ തയ്യാറായി. ഇതിനെതിരെയാണ് മുഖ്യമന്ത്രിക്കെതിരെയും മണിക്കെതിരെയും സിപിഐ എക്‌സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശമുയര്‍ന്നത്.
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടരുന്നതിന് പച്ചക്കൊടി കാട്ടിയ സിപിഐ സംസ്ഥാന സമിതി റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ അഭിനന്ദിക്കുകയും പാര്‍ട്ടി ഒറ്റക്കെട്ടായി ചന്ദ്രശേഖരനു പിന്നില്‍ ഉണ്ടാവുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിയും അധിക്ഷേപിച്ച ഇടുക്കി ജില്ലാ കളക്ടറെയും ദേവികുളം സബ്കളക്ടറെയും സിപിഐ സംസ്ഥാന സമിതി യോഗത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അവധിയില്ലാത്ത ശ്രമവുമായി കൈയ്യേറ്റമൊഴിപ്പിക്കല്‍ തുടരാനാണ് റവന്യൂവകുപ്പിന് സിപിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളുമായാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരുന്നത്. അവിടെയും സിപിഎമ്മും മൂന്നാറും വിഷയമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com