വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാനുള്ള ശുപാര്‍ശകളുമായി വൈസ് ചാന്‍സലേഴ്‌സ് സമിതി

കോളേജുകളിലെ ഇന്റേണല്‍ അസസ്‌മെന്റ് പുനഃസംഘടിപ്പിക്കണം
വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാനുള്ള ശുപാര്‍ശകളുമായി വൈസ് ചാന്‍സലേഴ്‌സ് സമിതി

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരുപറഞ്ഞ് പ്രതികാരം വീട്ടുന്ന മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താനുള്ള ശുപാര്‍ശകള്‍ വൈസ് ചാന്‍സലേഴ്‌സ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു.

ഇന്റേണല്‍ അസസ്‌മെന്റിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി കോളേജ്, സര്‍വ്വകലാശാല തലത്തില്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം എന്നതാണ് സമിതിയുടെ പ്രധാനപ്പെട്ട ശുപാര്‍ശ. എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അധ്യക്ഷനായ സമിതി സ്വാശ്രയകോളേജുകളുമായി ബന്ധപ്പെട്ട സമീപകാല പ്രശ്‌നങ്ങള്‍ പഠിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതിയുടെ ശുപാര്‍ശകള്‍ തയ്യാറാക്കിയത്.
വിദ്യാര്‍ത്ഥിയ്ക്ക് ഏത് വിഷയത്തില്‍ എന്തുകൊണ്ടാണ് മാര്‍ക്ക് കുറഞ്ഞുപോയത് എന്ന് അറിയാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ സ്വാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥികളോടുള്ള പ്രതികാരമെന്നോണം ഇന്റേണല്‍ മാര്‍ക്കില്‍ കുറവു വരുത്തി തോല്‍പ്പിക്കുകയോ മാര്‍ക്കു കുറയ്ക്കുകയോ ചെയ്യുന്നത് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇന്റേണല്‍ മാര്‍ക്ക് അസസ്‌മെന്റിന്റെ കാര്യത്തില്‍ ഓഡിറ്റിംഗും ഓംബുഡ്‌സ്മാന്റെ പരിശോധനയും വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നത്. അക്കാദമിക് ഓഡിറ്റിംഗ് നടത്താനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ലോ അക്കാദമി വിഷയം, പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയി ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സാഹചര്യം തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അധ്യക്ഷനായ നാലംഗ വൈസ് ചാന്‍സലര്‍മാരുടെ സമിതി രൂപീകരിച്ചത്. സമിതി ഈ വിഷയങ്ങളില്‍ പഠനം നടത്തിയാണ് ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഇന്റേര്‍ണല്‍ അസസ്‌മെന്റ് സംബന്ധിച്ച് മന:പൂര്‍വ്വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി മുഖ്യമായും അക്കാദമിക് ഓഡിറ്റിംഗ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മര്‍ കോഴ്‌സ് എന്നീ നാലിന നടപടികളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അക്കാദമിക ഓഡിറ്റിംഗില്‍ കോളേജ് തലത്തിലുള്ള ഇന്റേര്‍ണല്‍ ഓഡിറ്റ് സെല്ലും സര്‍വ്വകലാശാലാതലത്തിലുള്ള എക്‌സ്റ്റേര്‍ണല്‍ ഓഡിറ്റിംഗും വിഭാവനം ചെയ്യുന്നു. കോളേജിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഒരു പ്രൊഫസര്‍ അല്ലെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ വീതം ഉള്‍ക്കൊള്ളുന്ന ഇന്റേര്‍ണല്‍ ഓഡിറ്റ് സെല്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള എക്‌സേറ്റണല്‍ ഓഡിറ്റര്‍ ആവശ്യപ്പെടുന്ന രേഖകളും റെക്കോര്‍ഡുകളും ഹാജരാക്കണം.
സുതാര്യത കൈവരുത്തുന്നതിനായി കോളേജുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്അധിഷ്ഠിത സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച മാര്‍ക്കുകള്‍, വിദ്യാര്‍ത്ഥികളുടെ അനുദിന ഹാജര്‍ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരീക്ഷിക്കാനാകും. പരാതി പരിഹാരത്തിനായി ദ്വിതല ഓംബുഡ്‌സ്മാന്‍ സംവിധാനവും കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട. കോളേജ് തലത്തിലും സര്‍വ്വകലാശാലാതലത്തിലും നിയമിക്കപ്പെടുന്ന ഓംബുഡ്‌സ്മാന്‍ ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച് പരാതികളില്‍ തെളിവെടുപ്പ് നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും അധികാരപ്പെട്ടവരായിരിക്കും. ഇന്റേണല്‍ മാര്‍ക്കുകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഹാജര്‍ നേടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് സമ്മര്‍കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശകള്‍.
എം. ജി. സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍ ചെയര്‍മാനും സാങ്കേതികസര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ: കുഞ്ചെറിയ പി. ഐസക്, ആരോഗ്യ സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ: എം. കെ. സി. നായര്‍, കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ: കെ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com