ജനരോഷം കനത്തു, വാതക പൈപ്പ്‌ലൈന്‍ വഴിമാറി; പീച്ചി, വാഴാനി കാട്ടിലൂടെ പൈപ്പലൈന്‍ സ്ഥാപിക്കാന്‍ അനുമതി

ജനരോഷം കനത്തു, വാതക പൈപ്പ്‌ലൈന്‍ വഴിമാറി; പീച്ചി, വാഴാനി കാട്ടിലൂടെ പൈപ്പലൈന്‍ സ്ഥാപിക്കാന്‍ അനുമതി

കൊച്ചി: കൊച്ചി-സേലം വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി പീച്ചി, വാഴാനി വനപ്രദേശത്തിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ വിദഗ്ധ സമിതി അനുമതി നല്‍കി. പട്ടിക്കാട് മുതല്‍ ആലത്തൂര്‍ വരെയുള്ള 28.87 കിലോമീറ്റര്‍ നീളത്തില്‍ വനപ്രദേശത്തിലൂടെ പൈപ്പ് സ്ഥാപിക്കാനാണ് അനുമതി. ജനവാസ മേഖലയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് റൂട്ട് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കൊച്ചിയില്‍നിന്ന് സേലത്തേക്ക് എല്‍പിജി എത്തിക്കുന്നതിനുള്ള പദ്ധതിക്കായി ഭാരത് പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ കൊച്ചി സേലം പൈപ്പലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പൈപ്പ് സ്ഥാപിക്കുന്നത്. 199 കിലോമീറ്റര്‍ ദൂരത്തില്‍ പന്ത്രണ്ട് ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചാണ് കൊച്ചി റിഫൈനറിയില്‍നിന്നും ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍നിന്നും വാതകം എത്തിക്കുക. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 2015ല്‍ തന്നെ കമ്പനിക്ക് പരിസ്ഥിതി അനുമതി ലഭിച്ചിരുന്നതാണ്. ഇതനുസരിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് ജനങ്ങളില്‍ നിന്ന് എതിര്‍പ്പു ശക്തമായ പശ്ചാത്തലത്തില്‍ പട്ടിക്കാട് മുതല്‍ ആലത്തൂര്‍ വരെയുള്ള അലൈമെന്റ് പുതുക്കി കമ്പനി വീണ്ടും പദ്ധതി സമര്‍പ്പിച്ചു. ഇതിനാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്.

1.441 ഹെക്ടര്‍ വനപ്രദേശം പദ്ധതിക്കായി ഉപയോഗിക്കേണ്ടിവരുമെന്നും ഇത്രയും ഭാഗത്തെ മരങ്ങള്‍ വെട്ടിനീക്കേണ്ടി വരുമെന്നുമായിരുന്നു നേരത്തെ നല്‍കിയ പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതുക്കിയ അലൈമെന്റ് അനുസരിച്ച് അധിക വനപ്രദേശം ഉപയോഗിക്കുകയോ മരങ്ങള്‍ വെട്ടിനീക്കേണ്ടി വരികയോ ആവശ്യമില്ലെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ പീച്ചി, വാഴാനി വനപ്രദേശത്തുകൂടി പോവുന്ന കൊച്ചി-കോയമ്പത്തൂര്‍-കരൂര്‍ പൈപ്പ്‌ലൈനിനു സമീപത്തായാണ് പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുക. 0.758 ഹെക്ടര്‍ വനപ്രദേശം നിലവിലെ പൈപ്പ് ലൈനിനായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വനപ്രദേശം തന്നെ പുതിയ പൈപ്പ് സ്ഥാപിക്കാനും ഉപയോഗിക്കുന്നതിലൂടെ 0.683 ഹെക്ടര്‍ വനം കുറവു മാത്രമേ പദ്ധതിക്കായി വിനിയോഗിക്കേണ്ടി വരൂ. അധിക ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരില്ല എ്ന്നതിനാല്‍ ജനങ്ങളുടെ എതിര്‍പ്പും ഒഴിവാക്കാനാവുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുക്കിയ അലൈന്‍മെന്റില്‍ ദൂരക്കുറവുണ്ട് എന്നതിനാല്‍ താത്കാലിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനാവും എന്നതു കൂടി കണക്കിലെടുത്താണ് പദ്ധതിക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2015ല്‍ നല്‍കിയ അനുമതിയുടെ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പുതുക്കിയ അലൈന്‍മെന്റിന് സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ചെലവിന്റെ രണ്ടര ശതമാനം സിഎസ്ആര്‍ അനുസരിച്ച് പ്രദേശത്തെ വിദ്യാലയങ്ങളില്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട് ക്ലാസ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ള, ആംബുലന്‍സ് സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com