ഊരിപ്പിടിച്ച കത്തിയുടെ മുന്നിലൂടെ നടന്നുപോയി എന്നു പറയുന്നതൊന്നും ധീരതയല്ല; അത് പൊങ്ങച്ചമാണ്: ജോയ് മാത്യു

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് വരും തലമുറയ്ക്കുവേണ്ടിയാണ്
ഊരിപ്പിടിച്ച കത്തിയുടെ മുന്നിലൂടെ നടന്നുപോയി എന്നു പറയുന്നതൊന്നും ധീരതയല്ല; അത് പൊങ്ങച്ചമാണ്: ജോയ് മാത്യു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്ത് കളിയാക്കിക്കൊണ്ട് ജോയ്മാത്യു. യുവകലാസാഹിതി സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ നടത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഊരിപ്പിടിച്ച കത്തിയുടെ മുന്നിലൂടെ നടന്നുപോയി എന്നു പറയുന്നതൊന്നും ധീരതയല്ല; പൊങ്ങച്ചമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയ്ക്കുനേരെ കുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 80 അമ്പലങ്ങളാണ് തകര്‍ത്തത്. അതാണ് ആര്‍ജ്ജവം. അല്ലാതെ വെറുതെ വാക്കുകളില്‍ പൊങ്ങച്ചം പറയുന്നതല്ല ധീരത എന്നായിരുന്നു ജോയ് മാത്യു പറഞ്ഞത്.


ജോയ് മാത്യുവിന്റെ വാക്കുകള്‍:
സിനിമക്കാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പിനെപ്പോലുള്ളവര്‍ പറയുന്നത്. ഒരു നികുതി ദായകന്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ചെയ്തികളെ എതിര്‍ക്കാന്‍ അവകാശമുണ്ട്. തൊട്ടതിനും പിടിച്ചതിനും നികുതി വാങ്ങി അത് ധൂര്‍ത്തടിക്കുകയോ വഴിവിട്ട് ചിലവാക്കുകയോ ചെയ്യുന്നതു കണ്ടാല്‍ പ്രതികരിക്കണം. മൂന്നാര്‍ മാത്രമല്ല കൈയ്യേറ്റപ്പെടുന്നത്. കേരളത്തിലൊട്ടുക്കും കൈയ്യേറ്റമുണ്ട്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് വരും തലമുറയ്ക്കുവേണ്ടിയാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്ന കേരളത്തില്‍ ഹെക്ടര്‍ കണക്കിന് സ്ഥലം കൈയ്യേറി വച്ചിരിക്കുന്ന ഒട്ടേറെപ്പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ എനിക്കും അവകാശമുണ്ട്.
ആദിവാസികള്‍, ദളിതര്‍ ഒരു തുണ്ടുഭൂമിക്കുവേണ്ടി ചെങ്ങറയിലും മുത്തങ്ങയിലും ഒരു കൊടി നാട്ടിയപ്പോള്‍ വെടിവയ്ക്കാന്‍ മടിയില്ലാത്ത സര്‍ക്കാര്‍ ഒരു കുരിശുവച്ച് കൈയ്യേറിയപ്പോള്‍ മിണ്ടാതായി. കുരിശു അശ്ലീലമാണെന്നാണ് പറയുന്നത്. മതത്തിന്റെ പേരില്‍ സ്ഥലം കൈയ്യേറാന്‍ എളുപ്പമാണ്. കുരിശുവെച്ച ശേഷം സ്ഥലം കൈയ്യേറി പിന്നെ പ്രാര്‍ത്ഥനാലയമായി, സ്‌കൂളായി, കോളേജായി ആശുപത്രിയായി, ഒറു സമാന്തര സര്‍ക്കാരായിത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്നിട്ടും കുരിശു പൊളിച്ചപ്പോള്‍ അഥ് അശ്ലീലമായി.
പാവപ്പെട്ടവന്റെ വീട് ജപ്തി ചെയ്യുമ്പോള്‍ ചട്ടീം കലവും എടുത്ത് കളയുന്നതിനേക്കാള്‍ ഒറു കുരിശു പിഴുതെറിയുമ്പോള്‍ വേദനിക്കുന്ന മുഖ്യമന്ത്രി സംരക്ഷിക്കുന്ന താല്‍പര്യം മറ്റാരുടേതോ ആണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കക്ഷിഭേദമന്യേ മെത്രാന്റെ അടുത്ത് മുട്ടുകുത്തി നില്‍ക്കുന്നത്.
മന്ത്രി മണി മുമ്പൊരിക്കല്‍ പറഞ്ഞു: അയാള്‍ പള്ളിലച്ചനെ വേഷമിടുന്നയാളല്ലേയെന്ന്. ഞാന്‍ ഒട്ടേറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പള്ളിലച്ചന്റെ വേഷത്തെ ഓര്‍ക്കുന്നത് പള്ളിയെ ഭയക്കുന്നതുകൊണ്ടാണ്.
സ്വന്തം കുടുംബത്തിന്റെ മതശരീരങ്ങള്‍ മറവു ചെയ്യാന്‍ സ്ഥലമില്ലാത്ത ആദിവാസികളുള്ള ഈ നാട്ടില്‍ ഹെക്ടറോളം ഭൂമിയിലുള്ള കൈയ്യേറ്റത്തെ ഒഴിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ശ്രമിക്കുമ്പോള്‍ അവരെ നിഷ്‌ക്രിയരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റവന്യൂ മന്ത്രിയെ പിന്തുണയ്‌ക്കേണ്ടത് നികുതിദായകരാണ്. പുതിയ തലമുറ നോക്കുന്നത് അഴിമതിരഹിതരായ ഉദ്യോഗസ്ഥരെയാണ്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ഊരിപ്പിടിച്ച കത്തിയുടെ മുന്നിലൂടെ നടന്നുപോയി എന്നു പറയുന്നതൊന്നും ധീരതയല്ല; അത് പൊങ്ങച്ചമാണ്. മുഖ്യമന്ത്രി ചെയ്യേണ്ടത് റവന്യൂ വകുപ്പിന് ആവശ്യമായ പിന്തുണ കൊടുക്കുകയാണ് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com