പെമ്പിള ഒരുമൈ നിരാഹാര സമരം പിന്‍വലിച്ചു; മന്ത്രി രാജി വെക്കും വരെ സത്യാഗ്രഹ സമരം തുടരും
Published: 29th April 2017 10:14 PM |
Last Updated: 29th April 2017 10:14 PM | A+A A- |

മൂന്നാര്‍: മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാല്‍ മണി മന്ത്രിസ്ഥാനം രാജിവെക്കുന്നതു വരെ സത്യാഗ്രഹ സമരം തുടരുമെന്നും പെമ്പിള ഒരുമൈ സംഘടനാ നേതാവ് ഗോമതി അറിയിച്ചു.
നിരാഹാര സമരം നടത്തിയിരുന്ന പ്രവര്‍ത്തകരെ ഇന്ന് ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പെമ്പിള ഒരുമൈ സമരക്കാര്‍ ആശുപത്രിയില്‍ നിന്നും ചികിത്സ നിഷേധിച്ച് വീണ്ടും സമരപ്പന്തലില്‍ എത്തുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. വൈദ്യസഹായം സ്വീകരിക്കാനുള്ള ആവശ്യം നിരാകരിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
മന്ത്രി എം.എം. മണിയുടെ അപഹാസ്യപരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ സമരം നടത്തി വരുന്നത്. അതേസമയം തന്റെ സംസാര ശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് മണി അവസാനമായി പ്രതികരിച്ചത്.