പരമ്പരാഗതവെടിക്കെട്ട് നടത്താന്‍ അനുമതിയില്ലെങ്കില്‍ തൃശൂര്‍പൂരം ചടങ്ങിനുമാത്രമാകുമെന്ന് പാറമേക്കാവ്

ഇലഞ്ഞിത്തറമേളം പൂര്‍ണ്ണമായും കുടമാറ്റം ഭാഗികമായും ഉണ്ടാകില്ലെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ നിലപാട്.
പരമ്പരാഗതവെടിക്കെട്ട് നടത്താന്‍ അനുമതിയില്ലെങ്കില്‍ തൃശൂര്‍പൂരം ചടങ്ങിനുമാത്രമാകുമെന്ന് പാറമേക്കാവ്

തൃശൂര്‍: പരമ്പരാഗത വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലെങ്കില്‍ തൃശൂര്‍പൂരം ചടങ്ങിനുമാത്രമാകുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു. എന്നാല്‍ വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നും പൂരം എല്ലാ ശോഭയോടെയും നടക്കുമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെയും വടക്കുന്നാഥ ക്ഷേത്ര സമിതിയുടെയും പ്രതീക്ഷ.
തൃശൂര്‍പൂരത്തിന്റെ ആകര്‍ഷണമായ വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ ഇലഞ്ഞിത്തറമേളം പൂര്‍ണ്ണമായും കുടമാറ്റം ഭാഗികമായും ഉണ്ടാകില്ലെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ നിലപാട്. പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണിത്തം നല്‍കുന്ന ഇലഞ്ഞിത്തറമേളം തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ്. വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ പാറമേക്കാവ് ദേവസ്വം ഇലഞ്ഞിത്തറ മേളം പൂര്‍ണ്ണമായും ഒഴിവാക്കി ചടങ്ങുകളിലൊതുക്കും. പാറമേക്കാവും തിരുവമ്പാടിയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന കുടമാറ്റത്തിലും പാറമേക്കാവ് ദേവസ്വം പങ്കെടുക്കില്ലെന്നാണ് തീരുമാനം. ശിവകാശി പടക്കങ്ങള്‍ കൊണ്ട് പൂരം നടത്താന്‍ തങ്ങളില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍.
പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നും പൂരം അതിന്റെ എല്ലാ ശോഭയോടുകൂടിയും നടക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം വിലയിരുത്തുന്നത്. മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ടെത്തി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com