ഗവര്‍ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി തയ്യാറാകട്ടെ

'ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്‌
ഗവര്‍ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി തയ്യാറാകട്ടെ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിനെ ന്യായീകരിച്ച് വി.ടി.ബല്‍റാം എംഎല്‍എ. ഗവര്‍ണ്ണര്‍ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. 

ക്രമസമാധാനനില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാന്‍ ഗവര്‍ണ്ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മണ്‍ ചെയ്യുക എന്നത്. അത് കേള്‍ക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മണ്‍സ് അയച്ച് വിളിപ്പിക്കുന്ന സീന്‍ ഒന്നും ഓര്‍ക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതിയെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

പിന്നെ ഗവര്‍ണ്ണര്‍ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത് പിണറായിയാണ്. വേണമെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണ്ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണ്. 'ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും ബല്‍റാം പറയുന്നു. 

ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയ്യാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണ്ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും ബല്‍റാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com