മഴ ചതിച്ചു: ഇടുക്കി ഡാമില്‍ 23.82 ശതമാനം വെള്ളം മാത്രം

ഇടുക്കിയില്‍ ഇതുവരെ സംസ്ഥാന ശരാശരിയേക്കാള്‍ 42 ശതമാനത്തിന്റെയും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ 60 ശതമാനത്തിന്റെയും മഴയുടെ കുറവാണുള്ളത്.
മഴ ചതിച്ചു: ഇടുക്കി ഡാമില്‍ 23.82 ശതമാനം വെള്ളം മാത്രം

ഇടുക്കി: മണ്‍സൂണ്‍ തുടങ്ങിയിട്ടിതുവരെയും കാര്യമായ മഴ ലഭിക്കാത്തത് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയെ പ്രതികൂലമായി ബാധിച്ചു. ഇടുക്കിയില്‍ ഇതുവരെ സംസ്ഥാന ശരാശരിയേക്കാള്‍ 42 ശതമാനത്തിന്റെയും തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ 60 ശതമാനത്തിന്റെയും മഴയുടെ കുറവാണുള്ളത്. 2012ലായിരുന്നു ഇതില്‍ക്കുറവ് മഴ ലഭിച്ചത്.

ഈ വര്‍ഷം ജൂണില്‍ 590.2, ജൂലൈയില്‍ 1022.6 സെന്റീമീറ്റര്‍ ക്രമത്തിലാണ് മഴ കിട്ടിയത്. ആകെ 1612.8 സെന്റീമീറ്ററും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2023.8 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ 2361 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. 

ഇപ്പോള്‍ ഇടുക്കി ജലസംഭരണിയില്‍ ശേഷിയുടെ 23.82 ശതമാനം വെള്ളം മാത്രമാണുള്ളത്. 2321.38 അടിയാണ് വ്യാഴാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2344.78 അടിയായിരുന്നു. 2403 അടിയാണ് സംഭരണശേഷി. 

മണ്‍സൂണ്‍ തുടങ്ങി പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ പദ്ധതി പ്രദേശങ്ങളില്‍ 38 ശതമാനവും അതിര്‍ത്തി മേഖലകളില്‍ 60 ശതമാനവും മഴക്കുറവാണ് നേരിടുന്നത്. 1.136 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ഇടുക്കിയില്‍ ഉല്‍പാദന റക്കോര്‍ഡിരുന്നതായിരുന്നു എന്നാല്‍ ഇക്കുറി മിനിമം വാട്ടര്‍ ലെവല്‍ വരെ ജലം താഴ്ന്നിരിക്കുന്ന അവസ്ഥയാണ്.

ഇത്തവണ ഹൈറേഞ്ച് മേഖലകളില്‍ ജൂണ്‍ അവസാനം മൂന്നു ദിവസം മാത്രമാണ് മഴ ശക്തിപ്പെട്ടത്. അതിര്‍ത്തി മേഖലകളായ ഉടുമ്പന്‍ചോല, പീരുമേട്, ദേവിക്കുളം താലൂക്കുകളിലെ പഞ്ചായത്തുകളില്‍ മഴ തീരെയില്ലാത്തത് പഠനവിധേയമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ് തമിഴ്‌നാട്ടിലെ വരള്‍ച ഇങ്ങോട്ടും വ്യാപിക്കുമോയെന്ന ആശങ്കയിലാണ് അതിര്‍ത്തില്‍ താമസിക്കുന്ന ജനങ്ങള്‍.

പത്തുവര്‍ഷത്തോളമായി മഴനിഴല്‍ പ്രദേശങ്ങളിലേതുപോലെ ദുര്‍ബലമായാണ് ഇവിടെയും മഴ ലഭിക്കുന്നത്. പദ്ധതിപ്രദേശങ്ങള്‍ക്ക് സമീപവും കാര്യമായ മഴ ലഭിക്കുന്നില്ല. അതുകൊണ്ട് ചെറുകിട സംഭരണികളായ നേര്യമംഗലം, ചെങ്കുളം, കുണ്ടള, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്ങല്‍ എന്നിവയിലും ജലനിരപ്പ് ഉയരാത്തത് ദുര്‍ഘടമാണ്. മുല്ലപ്പെരിയാര്‍ പദ്ധതി മേഖലയിലുമ വന്‍തോതില്‍ മഴക്കുറവ് അനുഭവപ്പെടുന്നുണ്ട്. 111.10 അടിയാണ് ഈ സംഭരണിയില്‍ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇത് 120 അടിയായിരുന്നു. ഇത്തവണ ജൂണ്‍ തുടക്കത്തില്‍ 108.7 അടി വെള്ളമുണ്ടായിരുന്നതാണെങ്കിലും ഇപ്പോള്‍ കുറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറവായതിനാല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ട്‌പോകുന്ന ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com