കേരളത്തില്‍ രാഷ്ട്രപതി ഭരണം ആര്‍എസ്എസ് ആലോചിച്ചിട്ടില്ലെന്ന് കുമ്മനം

സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബദല്‍ സംവിധാനം വേണ്ടിവരുമെന്നും കുമ്മനം - .പാര്‍ട്ടി പ്രവര്‍ത്തനം നടത്താനല്ല പൊലീസിനെ നിയോഗിച്ചത്
കേരളത്തില്‍ രാഷ്ട്രപതി ഭരണം ആര്‍എസ്എസ് ആലോചിച്ചിട്ടില്ലെന്ന് കുമ്മനം

കണ്ണൂര്‍: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍എസ്എസ് ആലോചിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബദല്‍ സംവിധാനം വേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്തു ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. അവിടെ നടന്നത് സിപിഎം അഴിഞ്ഞാട്ടമാണ്.  എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു ചോദിച്ചത് അദ്ദേഹം കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്കാണെന്നും മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി കാര്യം തിരക്കിയതില്‍ ഒരു തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.സമാധാനമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്കു സമാധാന യോഗം വിളിക്കേണ്ടി വന്നത്. ശാന്തിയും സമാധാനവും ബിജെപി ആഗ്രഹിക്കുന്നു. പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. തിരുവനന്തപുരത്തു പൊലീസിനു സാതന്ത്ര്യം ഉണ്ടായിരുന്നവെങ്കില്‍ കുഴപ്പം ഒഴിവാക്കാമായിരുന്നെന്നും കുമ്മനം പറഞ്ഞു

ജനങ്ങളുടെ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഭരണ യന്ത്രം നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ വേര്‍തിരിവു പാടില്ല. പയ്യന്നൂരില്‍ 22 വീടുകള്‍ തകര്‍ക്കുമ്പോള്‍ നോക്കി നില്‍ക്കുകയല്ല പൊലീസ് ചെയ്യേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തനം നടത്താനല്ല പൊലീസിനെ നിയോഗിച്ചത്. ഭരണഘടനാപരമായ അവകാശം അനുസരിച്ചു ജനങ്ങള്‍ക്കു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ ഭരിക്കുന്നവര്‍ ബാധ്യസ്ഥരാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com