തോട്ടിപ്പണി യന്ത്രവല്‍കൃതമാക്കും: ശുചിത്വ മിഷന്‍

കക്കൂസ് മാലിന്യം കൈ കൊണ്ടുനീക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി യന്ത്രവല്‍ക്കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്.
തോട്ടിപ്പണി യന്ത്രവല്‍കൃതമാക്കും: ശുചിത്വ മിഷന്‍

തിരുവനന്തപുരം: തോട്ടിപ്പണി മറ്റേത് ജോലിയെപ്പോലെയും അന്തസുള്ള വ്യവസായമാക്കി മാറ്റാന്‍ ശുചിത്വമിഷന്‍ ആലോചിക്കുന്നു. കക്കൂസ് മാലിന്യം കൈ കൊണ്ടുനീക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി യന്ത്രവല്‍ക്കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്.

തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയതിനു ശേഷമേ ഇത് നടപ്പിലാക്കു. നഗരകാര്യ വകുപ്പിന്റെ കൈവശമുള്ള കണക്കുകള്‍ ഉപയോഗപ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 

ഏറെക്കാലമായി അവഗണന അനുഭവിക്കുന്ന വിഭാഗമാണ് തോട്ടിപ്പണി ചെയ്യുന്നവര്‍. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് തോട്ടിപ്പണി സര്‍ക്കാറിന്റെ സജീവശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്റെ പ്രത്യേക താല്‍പര്യപ്രകാരം പത്ത് കോടി രൂപ ബജറ്റില്‍ മാറ്റി വച്ചു.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധികളില്‍ തോട്ടിപ്പണി ചെയ്യുന്നവരെ കണ്ടെത്തി പുതിയ സാങ്കേതിക വിദ്യയില്‍ ഈ ജോലി ചെയ്യാനാകുന്ന അവസ്ഥയുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി യന്ത്രം നല്‍കുകയും അത് പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്യും. പിന്നീട് മിഷന്‍ തന്നെ വിശദമായ സര്‍വേ നടത്തും.

കക്കൂസ് മാലിന്യസംസ്‌കരണം നല്ലൊരു വ്യവസായ മാതൃകയാക്കി മാറ്റാനും ആലോചനയുണ്ട്. മാലിന്യ സംസ്‌കരണത്തിന് പ്ലാന്റുകള്‍ തുടങ്ങും. ദുര്‍ഗന്ധമോ ആരോഗ്യപ്രശ്‌നമോ ഭയന്ന് സമരത്തിനിറങ്ങുന്നവര്‍ എറണാകുളം ബ്രഹ്മപുരത്തെ പ്ലാന്റ് നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസിലാക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. 

സാങ്കേതികസഹായം നല്‍കി ബിസിനസ് മാതൃക സൃഷ്ടിക്കലാണ് മിഷന്‍ ചെയ്യുന്നതെങ്കിലും ഇക്കാര്യത്തില്‍ ഒരു സാമൂഹ്യവശം കൂടിയുണ്ട്. ജീവിതസാഹചര്യം മാറ്റാനായി സാമൂഹ്യക്ഷേമ വകുപ്പ് വഴി പദ്ധതികള്‍ നടപ്പാക്കുന്നത് ആലോചിക്കുമെന്നും ശുചിത്വമിഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com