ദിലീപിനെതിരായ കുറ്റപത്രത്തില്‍ മഞ്ജു പ്രധാന സാക്ഷി; മറ്റ് സിനിമാ താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ 90 ദിവസത്തെ സമയമുണ്ട്
ദിലീപിനെതിരായ കുറ്റപത്രത്തില്‍ മഞ്ജു പ്രധാന സാക്ഷി; മറ്റ് സിനിമാ താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തുന്നു

കൊച്ചി: ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനകള്‍ വന്നതോടെ കുറ്റപത്രം വേഗത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. 

ഗൂഢാലോച, ബലാത്സംഗം ഉള്‍പ്പെടെ പത്തോളം വകുപ്പുകളാണ് ദിലീപിനെതിരെ കുറ്റപത്രത്തില്‍ അന്വേഷണ സംഘം ചുമത്തുന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവരുടെ മൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ രേഖപ്പെടുത്തും. പുതിയ അഭിഭാഷകനെ വെച്ച് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള ദിലീപിന്റെ നീക്കം മുന്നില്‍ കണ്ടാണ് അന്വേഷണ സംഘം കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ 90 ദിവസത്തെ സമയമുണ്ട്. എന്നാല്‍ ആദ്യം ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയേയും, ഹൈക്കോടതിയേയും ദിലീപ് സമീപിച്ചപ്പോള്‍, ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ക്ക് ഇപ്പോള്‍ കോടതിയില്‍ വേണ്ട പരിഗണന ലഭിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന വാദങ്ങളായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും, ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാലിപ്പോള്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായുള്ള സൂചനയാണ് പൊലീസ് തന്നെ നല്‍കുന്നത്. അപ്പുണ്ണി പൊലീസിന് മുന്നില്‍ ഹാജരാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള വഴി. 

കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കുറ്റപത്രം തയ്യാറാക്കി പൊലീസ് മേധാവിയുടെ പരിഗണനയ്ക്ക് അയക്കും. അതിന് ശേഷം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com