മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചു

സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചത്
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചു

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചു. 

ജൂലൈ 29നായിരുന്നു സൈബര്‍ സെല്ലിന് മുന്‍പാകെ സെന്‍കുമാര്‍ ഹാജരായത്. തുടര്‍ന്ന് മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. കേസില്‍ സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചത്. സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മുന്‍ പൊലീസ് മേധായിയായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത്. 

അതിനിടെ സെന്‍കുമാറുമായുള്ള അഭിമുഖവുമായി ബന്ധപ്പെട്ട് വാരിക നല്‍കിയ ഫോണും, സംഭാഷണം പകര്‍ത്തിയ സിഡിയും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേരും മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് എന്നായിരുന്നു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തില്‍ ലൗജിഹാദ് നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വിവാദമാവുകയും, സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചതോടെ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com