എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ടു തല്ലി; ഇടതു സര്‍ക്കാര്‍ 27 ലക്ഷം തന്നെന്ന ദേശാഭിമാനി വാര്‍ത്ത നുണ: ബിനേഷ് ബാലന്‍

ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തിയതും അവര്‍ തന്നെയായിരുന്നു
എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ടു തല്ലി; ഇടതു സര്‍ക്കാര്‍ 27 ലക്ഷം തന്നെന്ന ദേശാഭിമാനി വാര്‍ത്ത നുണ: ബിനേഷ് ബാലന്‍

കാഞ്ഞങ്ങാട്‌:വിദേശപഠനത്തിന് വിസ നിഷേധിക്കപ്പെട്ട് കഴിയുന്ന കാലത്ത് കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ തല്ലിയെന്ന് ബിനേഷ് ബാലന്‍. മൂന്നുതവണ വിദേശ പഠനത്തിന് അനവസരം നിഷേധിക്കപ്പെടുകയും നാലാം തവണ ബ്രിട്ടണിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയെടുക്കുകയും ചെയ്ത കാസര്‍ഗോഡ് കോളച്ചാല്‍ പതിനെട്ടാം മൈല്‍ സ്വദേശിയായ ആദിവാസി യുവാവാണ് ബിനേഷ് ബാലന്‍. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിനേഷ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അവരുടെ പേരെടുത്ത് പറഞ്ഞ് ബിനേഷ് ബാലന്‍ പറയുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ തനിക്ക് 27 ലക്ഷം രൂപ നല്‍കിയെന്ന ദേശാഭിമാനി വാര്‍ത്ത തെറ്റാണെന്നും സര്‍ക്കാര്‍  തനിക്ക് നല്‍കിയത് ഒന്നരലക്ഷം രൂപയാണ് എന്നുമാണ് ബിനേഷ് പറയുന്നത്. 

2014 ഡിസംബറില്‍ ആണ് പഠന ചെലവ് അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്.എസ് ടി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് ഫ്രാന്‍സില്‍ പോയി ഉപരിപഠനം നടത്താന്‍ തുക അനുവദിച്ചിരുന്നു. ആ പ്രതീക്ഷയിലാണ് അപേക്ഷിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണിത്. എന്നാല്‍ അത്രയും തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അഞ്ചുലക്ഷത്തില്‍ മുകളില്‍ അനുവദിക്കണമെങ്കില്‍ കാബിനറ്റ് അംഗീകാരം വേണം. പക്ഷേ കാബിനറ്റില്‍ എത്തും മുന്നേ എന്റെ ഫയല്‍ ക്ലോസ് ചെയ്തു. പിന്നീട് മന്ത്രി പി.കെ ജയലക്ഷ്മിക്കു അപേക്ഷ നല്‍കി. 2014 ല്‍ അപേക്ഷ നല്‍കിയ ഞാന്‍ 2015 മേയ് വരെ ആ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയാന്‍ സെക്രട്ടേറിയിറ്റില്‍ കയറിയിറങ്ങി. 27 ലക്ഷം അനുവദിച്ചു. മലയാളത്തില്‍ തന്ന ഗവര്‍ണമെന്റ് ഓര്‍ഡറിന്‍ മേല്‍ ഞാന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അത് നിരസിക്കപ്പെട്ടു. അത് എനിക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യത ചെറുതൊന്നുമല്ല.

അനുവടിക്കപ്പെട്ടെങ്കിലും ആ പണം കിട്ടില്ല എന്നുറപ്പായി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ സ്‌കോളഷിപ്പിനു പ്രയത്‌നിച്ചു. 2014-15 സ്‌കീമിലെ സ്‌കോളഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള 20 പേരില്‍ ഞാനും ഒരാളായി. പഴയ IELTS ന്റെ കാലാവധി കഴിഞ്ഞു. വീണ്ടും എഴുതണം, പുറമെ വിസയ്ക്കും മറ്റും അനുബന്ധ ചിലവുകള്‍ വേണം. അതിനുള്ള സാമ്പത്തിക സ്രോതസ് എനിക്കില്ലായിരുന്നു. അതിനു വേണ്ടി പുതിയതായി വന്ന ഗവര്‍ണ്മെന്റിന് 1.5 ലക്ഷം അനുവദിക്കാന്‍ അപേക്ഷ നല്‍കി. ഒടുവില്‍ മന്ത്രി എന്റെ ഫയല്‍ അടിയന്തരമായി പരിഗണിക്കേണ്ടതെന്ന് എഴുതി നല്‍കിയിട്ടുപോലും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. ഒരു സര്‍ക്കാര്‍ പോയി അടുത്തവര്‍ വന്നിട്ടും എന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. പിന്നീടാണ് മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തതും മന്ത്രി ഇടപെടുന്നതുമെല്ലാം. പക്ഷേ ആ 27 ലക്ഷം എനിക്ക് കിട്ടിയിട്ടില്ല. കിട്ടുമെന്ന് പ്രതീക്ഷയുമില്ല. ബിനേഷ് പറയുന്നു. 

അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ബീന മോള്‍ എന്നിവര്‍ക്ക് എന്നോട് അല്‍പ്പമെങ്കിലും ദയ തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇതിനു മുമ്പേ ലണ്ടനില്‍ എത്തുമായിരുന്നു. പക്ഷേ അവര്‍ എന്നെ ഒരുതരത്തിലും സഹായിച്ചില്ല. എന്റെ ഫയലിന്റെ കാര്യം എന്തായി എന്ന അന്വേഷണംപോലും ഒരു ആദിവാസിയുടെ അഹന്തയായി അവര്‍ കരുതി. ഒരുഘട്ടത്തില്‍ ഞാന്‍ വിചാരിച്ചത് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമ്പോള്‍ അവര്‍ക്കെന്നോട് അനുകമ്പ തോന്നുമെന്നായിരുന്നു. നിര്‍ദ്ധനനായൊരു ആദിവാസിയാണു ഞാനെന്ന് അവരോടു പറഞ്ഞു നോക്കി. നീ ആരാണെങ്കിലും, നിന്റെ ഐഡന്റിറ്റി എന്തായാലും ഞങ്ങള്‍ക്കെന്താ. എന്ന പുച്ഛം മാത്രമായിരുന്നു പക്ഷേ അവര്‍ക്ക്. എന്നോട് സംസാരിക്കാന്‍ തന്നെ താത്പര്യം കാണിക്കാതിരുന്നവര്‍, എന്നെ അവഗണിച്ചവര്‍, പഠിക്കാന്‍ ആഗ്രഹിച്ചൊരു വിദ്യാര്‍ത്ഥിയായി മാത്രമായിരുന്നു ഞാന്‍; ഒരാദിവാസിയായിപ്പോയി എന്നതല്ലാതെ മറ്റെന്തു കുറ്റമാണ് അവര്‍ക്കെന്നില്‍ കണ്ടുപിടിക്കാനുണ്ടായിരുന്നത്. തന്റെ വിദ്യാഭ്യാസ കാര്യത്തില്‍ തടസ്സം നിന്ന സെക്രട്ടേറിയേറ്റ് ജീവനക്കാരെക്കുറിച്ച് ബിനേഷ് പറയുന്നു.

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കാര്യവട്ടം കാമ്പസിലെ എസ് എഫ് ഐക്കാര്‍ എന്നെ തല്ലുമ്പോള്‍ ഞാനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയാതെയല്ല. അവരില്‍ എന്റെ സുഹൃത്തുക്കളായിരുന്നവരുമുണ്ടായിരുന്നല്ലോ. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തിയതും അവര്‍ തന്നെയായിരുന്നു. എന്നെ ദളിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും പോസ്റ്റുകള്‍ പതിച്ചതും അവര്‍ തന്നെയായിരുന്നു. പക്ഷേ ഇപ്പോഴവര്‍ എന്നെ 'സഹായിച്ച' കഥകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാനത് ആസ്വദിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിക്കു കൊടുക്കാന്‍ ഒരു റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ പിന്നീട് എന്റെ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തിയതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പക്ഷേ നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേര് ഇല്ലെന്നു പറഞ്ഞു ചോദിക്കാന്‍ വന്നപ്പോള്‍ എന്നെ സഹായിച്ച ആരെയും ഞാന്‍ മറക്കില്ലെന്ന മറുപടി അവര്‍ക്ക് മനസിലായിക്കാണുമെന്നു കരുതുന്നു. അതു തന്നെ ഇപ്പോഴും പറയുന്നു.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തെപ്പറ്റി ബിനേഷ് പറയുന്നു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു മനേഷ്, നജീബ്, പ്രഭാകരന്‍, വിഷ്ണു കെ പി, ഷാനു വി എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും ബിനേഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com