സഭയ്‌ക്കെതിരെ പോസ്റ്റിട്ടാല്‍ നിയമനടപടി; നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് പേജുമായി പുരോഹിതന്മാര്‍

അധിക്ഷേപകരമായ പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും തുടര്‍ന്നാല്‍ അവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരും
സഭയ്‌ക്കെതിരെ പോസ്റ്റിട്ടാല്‍ നിയമനടപടി; നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് പേജുമായി പുരോഹിതന്മാര്‍

കൊച്ചി: പുരോഹിതന്മാര്‍ക്കെതിരെ ഉയരുന്ന ലൈംഗീക ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി സഭയ്‌ക്കെതിരെയുണ്ടാകുന്ന പ്രചാരണത്തിന് സമൂഹമാധ്യമങ്ങളിലൂടെ തന്നെ മറുപടി നല്‍കാന്‍ തയ്യാറായി സഭ. സഭയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി വിജിലന്റ് കാത്തലിക് എന്ന പേരിലാണ് ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. 

സഭയുടെ നിലപാടുകള്‍ വ്യക്തമായി മനസിലാക്കിയ, നിയമ രംഗത്ത് പ്രാവിണ്യമുള്ള സഭയിലെ പുരോഹിതന്മാരാണ് വിജിലന്റ് കാത്തലിക് എന്ന ഫേസ്ബുക്ക് പേജ് നയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സഭയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ഇവര്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. 

സീറോ മലബാര്‍, മലങ്കര, ലത്തിന്‍ എന്നീ മൂന്ന് സഭകള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവരേയും വിജിലന്റ് കാത്തലിക് നേരിടും. അധിക്ഷേപകരമായ പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും തുടര്‍ന്നാല്‍ അവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരും. 

ക്രിസ്റ്റ്യന്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന പേരില്‍ സംഘപരിവാര്‍ രൂപീകരിച്ച ഫേസ്ബുക്ക് പേജും വിജിലന്റ് കാത്തലിക് സൂക്ഷമമായി നിരീക്ഷിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് എന്ന പേരില്‍ സംഘപരിവാര്‍ രൂപീകരിച്ചതാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍. 

എന്നാല്‍ പുരോഹിതന്മാര്‍ നേതൃത്വം നല്‍കുന്നതാണെങ്കിലും, സഭയിതിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ ചര്‍ച്ച് വക്താവ് ജിമ്മി പൂച്ചക്കാട്ട് വ്യക്തമാക്കുന്നു. സഭയുടെ പേരില്‍ അജ്ഞാതമായ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ നടത്തുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. 

എന്നാല്‍ വ്യക്തിത്വം വെളിപ്പെടുത്താതെ അദൃശ്യമായിരുന്നു പ്രവര്‍ത്തിക്കുന്ന വിജിലന്റ് കാത്തലിക്കിന്റെ നിലപാട് ശരിയല്ലെന്ന് ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍ സ്റ്റേറ്റ് ജോയിന്റ് കണ്‍വീനര്‍ ജിസ് നല്ലേപറമ്പന്‍ പറഞ്ഞു. വിജലന്റ് കാത്തലിക്കിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരൊക്കെയെന്ന് വെളിപ്പെടുത്തണം. 

എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉയരാതിരിക്കാനായാണ് വിജിലന്റ് കാത്തലിക്കിന് പിന്നില്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താത്തതെന്നാണ് ഫേസ്ബുക്ക് പേജിന് പിന്നിലുള്ളവരുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com