കേരളം എന്തുകൊണ്ട് ഒന്നാമത്?: പരസ്യത്തിന് ചെലവായത് ഒന്നേകാല്‍ കോടി രൂപ; പ്രതിഛായാ പ്രചാരണം തുടരാന്‍ സര്‍ക്കാര്‍

ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് പത്രങ്ങളിലാണ് കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച മുഴുപ്പേജ് പരസ്യം നല്‍കിയത്. ഹിന്ദി പത്രങ്ങളില്‍ പരസ്യം നല്‍കാന
കേരളം എന്തുകൊണ്ട് ഒന്നാമത്?: പരസ്യത്തിന് ചെലവായത് ഒന്നേകാല്‍ കോടി രൂപ; പ്രതിഛായാ പ്രചാരണം തുടരാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിനെതിരായ ദേശീയ മാധ്യമങ്ങളിലെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ പരസ്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് ഒന്നേകാല്‍ കോടി രൂപ. ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് പത്രങ്ങളിലാണ് കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച മുഴുപ്പേജ് പരസ്യം നല്‍കിയത്. ഹിന്ദി പത്രങ്ങളില്‍ പരസ്യം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്തുകൊണ്ട് കേരളം ഒന്നാമത് എന്നു വിശദീകരിക്കുന്ന പരസ്യത്തില്‍ മെച്ചപ്പെട്ട ക്രമസമാധാന പാലനം, മഹത്തായ സമുദായ സൗഹാര്‍ദം, സദ്ഭരണം, കുറഞ്ഞ അഴിമതി, മനുഷ്യ വികസന സൂചികയിലെ ഒന്നാം സ്ഥാനം, ഉയര്‍ന്ന സാക്ഷരതാ- പ്രതിശീര്‍ഷ വരുമാന നിരക്കുകള്‍, ആരോഗ്യ-പരിസ്ഥിതി സൗഹൃദ അന്തരീക്ഷം തുടങ്ങിയവയാണ് എടുത്തു പറഞ്ഞത്. 

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്ന, ആത്മീയ നേതാവ് ശ്രീയെമ്മിന്റെ വാക്കുകള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന് എതിരെ പ്രചാരണം നടത്തുന്ന വിഭാഗങ്ങളില്‍ക്കൂടി സ്വീകാര്യനായ വ്യക്തിത്വം എന്ന നിലയിലാണ് ശ്രീയെമ്മിന്റെ വാക്കുകള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 

പദവി നോക്കാതെ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് കെടി തോമസിന്റെ വാചകവും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തെ പ്രകീര്‍ത്തിക്കുന്ന, മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാക്കുകള്‍ ഉള്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കട്ജു ചില കാര്യങ്ങള്‍ സ്വീകരിക്കുന്ന വിവാദമായ നിലപാടുകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിനു പകരം ജസ്റ്റിസ് കെടി തോമസിനെ ഉള്‍പ്പെടുത്തുകയായിരുന്നു. 

അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രശംസയും മുഴുവന്‍ പേജ് പരസ്യത്തിലുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഒഫ് ഇന്ത്യ തുടങ്ങി ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളിലെല്ലാം പരസ്യം പ്രസിദ്ധീകരിച്ചു. ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദി പത്രങ്ങളിലും പരസ്യം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

കേരളം കൊലക്കളമാണെന്നും സിപിഎം ആര്‍എസ്എസിനെ കായികമായ അടിച്ചമര്‍ത്തുകയാണെന്നും ഏതാനും ദിവസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്ത നല്‍കുകയാണ്. ടെലിവിഷന്‍ ചാനലുകളാണ് പ്രധാനമായും ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. ഇത് സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നും ആസൂത്രിതമായാണ് ഇത്തരം പ്രചാരണം നടക്കുന്നത് എന്നുമാണ് സിപിഎമ്മിന്റെ വാദം. ഇത്തരം പ്രചാരണം സംസ്ഥാനത്തെയും സംസ്ഥാനത്തിനു പുറത്തുള്ള മലയാളികളെയും ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഇതു രണ്ടാം തവണയാണ് ദേശീയ പത്രങ്ങളില്‍ പിണറായി സര്‍ക്കാര്‍ പരസ്യ ക്യാംപയ്ന്‍ നടത്തുന്നത്. സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രമുഖ പത്രങ്ങളില്‍ മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടുകോടിയിലേറെ ചെലവഴിച്ചു നടത്തിയ ആ പ്രചാരണം വിവാദങ്ങള്‍ക്ക് ഇടയാക്കുകയുംചെയ്തു.

ജിഷ്ണു പ്രണോയ് വിഷയത്തില്‍ മഹിജ നടത്തിയ സമരത്തി്‌ന് എതിരായ പൊലീസ് നടപടി വിവാദമായപ്പോള്‍ സര്‍ക്കാര്‍ പ്രതിരോധിച്ചതും പത്രങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com