'മാഡം' ദിലീപിനു കുരുക്കാവും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പൊലീസ് തന്ത്രമെന്നു സൂചന

നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്നു കരുതുന്ന 'മാഡ'ത്തെക്കുറിച്ചുള്ള ദുരൂഹത ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ദിലീപിനു കുരുക്കായേക്കും
'മാഡം' ദിലീപിനു കുരുക്കാവും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പൊലീസ് തന്ത്രമെന്നു സൂചന


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്നു കരുതുന്ന 'മാഡ'ത്തെക്കുറിച്ചുള്ള ദുരൂഹത ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ദിലീപിനു കുരുക്കായേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരിക്കും ദിലീപിന്റെ പുതിയ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുക എന്നാണ് സൂചനകള്‍.

നേരത്തെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ദിലീപ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിക്കാനിരിക്കുകയാണ്. ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നതായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അപ്പുണ്ണി അന്വഷണ സംഘത്തിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. വീണ്ടും ആവശ്യപ്പെടുമ്പോള്‍ എത്താമെന്ന് അപ്പുണ്ണി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല എന്നതായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നതിന് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി സുനില്‍ കുമാറിന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ലെങ്കിലും മൊബൈല്‍ എവിടെയുണ്ട് എന്നതു സംബന്ധിച്ച് സൂചനയൊന്നും കണ്ടെത്താനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇതേ കാര്യം വീണ്ടും കോടതിയില്‍ ഉന്നയിക്കില്ലെന്നും ദീലീപിന്റെ അഭിഭാഷകര്‍ കരുതുന്നു. 

ആദ്യത്തെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ടു സാഹചര്യവും നിലനില്‍ക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാവും ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുക. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ വരുന്നതിനിടയിലാണ് മാഡത്തിനെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തല്‍ പള്‍സര്‍ സുനി നടത്തിയിരിക്കുന്നത്. മാഡം കെട്ടുകഥയല്ലെന്നും സിനിമാ രംഗത്തുനിന്നു തന്നെ ഉള്ളയാളാണ് എന്നുമാണ് സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞത്. കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. വിഐപി ഇതിനെക്കുറിച്ച് വ്യക്തത വരുത്തിയില്ലെങ്കില്‍ പതിനാറാം തീയതിക്കു ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും സുനി മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. 

മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ തേടി സിനിമാ രംഗത്തെ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ കാക്കനാട്ടെ കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ എത്തിയെന്ന സൂചനകളെത്തുടര്‍ന്ന് കാവ്യയെയും മാതാവ് ശ്യാമളയെയും ചോദ്യം ചെയ്തു. ഇവരുെ മൊഴികളില്‍ പൊലീസിനു ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ഗൂഢാലോചനയുമായി ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ദിലീപും കാവ്യാ മാധവനുമായി അടുത്ത സൗഹൃദമുള്ള റിമി ടോമിയില്‍നിന്നും പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. റിമിയാണ് മാഡം എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ദിലീപുമായി ഒരു സാമ്പത്തിക ബന്ധവുമില്ലെന്നു വ്യക്തമാക്കി റിമി തന്നെ രംഗത്തുവരികയും ചെയ്തു.

നിയമസഹായം തേടിയെത്തിയ സുനിയുടെ കൂട്ടാളികള്‍ മാഡത്തിനോടു ചോദിക്കട്ടെ എന്നു പറഞ്ഞതായി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് തുടക്കത്തില്‍ ആദ്യവെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ സുനി ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല. ഇപ്പോള്‍ അപ്രതീക്ഷിതമായി സുനി മാഡത്തെക്കുറിച്ച് പറഞ്ഞത് പൊലീസിന്റെ ആസൂത്രിത നീക്കമാണെന്നും സൂചനകളുണ്ട്. പൊലീസ് അറിവോടെയാണ് സുനി ഈ വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണ് സൂചന. മാഡത്തിനെ കണ്ടെത്തേണ്ടതുണ്ട് എന്നു ചൂണ്ടിക്കാട്ടി ദിലീപിന്റെ പുതിയ ജാമ്യഹര്‍ജിയെ തടയാനാവും എന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ദിലീപ് പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ഇടയാക്കുമെന്ന് പൊലീസിന് ആശങ്കയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു തന്ത്രം പ്രയോഗിച്ചത് എന്നാണ് സൂചനകള്‍.

തനിക്കു വേണ്ടി നേരത്തെ ഹാജരായ അഡ്വ. കെ രാംകുമാറിനെ മാറ്റി പുതിയ അഭിഭാഷകന്‍ വഴിയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്. അഡ്വ. ബി രാമന്‍പിള്ളയാണ് ദിലീപിന്റെ പുതിയ അഭിഭാഷകന്‍. അതേസമയം ദിലീപിനു വേണ്ടി ഹാജരാവാന്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്.

അതിനിടെ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചത് പുതിയ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സുനിയുമായി ബന്ധമുണ്ടെന്നു വ്യക്തമായിട്ടും അപ്പുണ്ണിയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയ്ക്കുകയായിരുന്നു അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായില്‍നിന്ന് കൂടുതല്‍ വിവരം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com