അതിരപ്പള്ളി പദ്ധതി പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍; വനഭൂമി വനേതര ഭൂമിയാക്കുന്ന ഘട്ടം പൂര്‍ത്തിയാക്കി

വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി
അതിരപ്പള്ളി പദ്ധതി പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍; വനഭൂമി വനേതര ഭൂമിയാക്കുന്ന ഘട്ടം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: അതിരപള്ളി ജലവൈദ്യുത പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷത്ത് നിന്നുമുള്ള വി.കെ.ഇബ്രാഹിം എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അതിരപ്പള്ളിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി സഭയെ അറിയിച്ചത്. 

വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അധികാരത്തിലെത്തുന്നതിന് മുന്‍പ്‌ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അതിരപ്പള്ളി പദ്ധതിയില്‍ സിപിഎം നിലപാട് മാറ്റുകയും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുമെന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ച് സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് ഗുണകരമാകാത്ത ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് സിപിഐ വ്യക്തമാക്കിയിരുന്നെങ്കിലും, ഇപ്പോള്‍ നിയമസഭയില്‍ മന്ത്രി മണിയുടെ പ്രസ്താവന കൂടി വന്നതോടെ പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. 

അതിരപള്ളി ജലവൈദ്യുത പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കുമെന്നായിരുന്നു വൈദ്യുത മന്ത്രിയായിരുന്നപ്പോഴുള്ള കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ എം.എം.മണി വൈദ്യുത മന്ത്രിയായതിന് ശേഷം പദ്ധതി പ്രദേശത്തിന് സമീപമുള്ള ആദിവാസി ഗ്രാമങ്ങളും, സംഘടനകളും ശക്തമായ പ്രതിഷേധം ഉന്നയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടു പോകുന്ന സമീപനമാണ് സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com