പ്രാര്‍ഥനകള്‍ വിഫലം; സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

ബാപുകയത്ത് കാണാതായ മൂന്നരവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.പുഴയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പ്രാര്‍ഥനകള്‍ വിഫലം; സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: കാസര്‍ക്കോട് പാണത്തൂരില്‍നിന്നു മൂന്നരവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സനയെ കാണാതായത്. തോട്ടിലെ പരല്‍മീനുകളെ നോക്കി നില്‍ക്കുന്നതിനിടെ കാണാതായ സനയ്ക്ക് വേണ്ടി ദിവസങ്ങളായി നാടാകെ പ്രാര്‍ഥനയുമായി തെരച്ചിലിലായിരുന്നു. 

കഴിഞ്ഞ ദിവസം ദുരന്തനിവാരണ സേന ഇറങ്ങി പരിശോധിച്ചിട്ടും സന ഫാത്തിമയെ കണ്ടെത്താനായിരുന്നില്ല. സനയെ കണ്ടെത്താന്‍ ദേശീയ ദുരന്തനിവാരണ സേന വിഭാഗത്തിന്റെ ഭൌമശാസ്ത്രജ്ഞ സംഘം ചൊവ്വാഴ്ച പാണത്തൂരില്‍ എത്തിയിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്നും ഒഴുകിപ്പോയി എന്നുപറയുന്ന ഓടയിലൂടെയും സിമന്റ് പൈപ്പിലൂടെയും പ്രത്യേക ക്യാമറകള്‍ ഘടിപ്പിച്ച് സംഘം പരിശോധിച്ചു. വെള്ളത്തിനടിയില്‍ തെരച്ചില്‍ നടത്തുന്നതിനുള്ള സ്‌കൂബ് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. എന്നിട്ടും തുമ്പൊന്നും കിട്ടിയില്ല. ഇതോടൊപ്പം ദുരന്തനിവാരണ സേന അംഗങ്ങളും ഫയര്‍ ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരും പാണത്തൂര്‍ പുഴയിലെ വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് ആഴമുള്ള പ്രദേശങ്ങളിലും തെരച്ചില്‍ നടത്തി. കിലോമീറ്ററുകളോളം പുഴയിലൂടെ സഞ്ചരിച്ച് പരിശോധന നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. 

വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പാണത്തൂര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയുടെ അടിത്തട്ടില്‍ കുടുങ്ങിക്കിടന്ന നിലയിലാണ് മൃതഗേഹം കണ്ടെത്തിയത്. സന ഒഴുക്കില്‍പ്പെട്ടതാവാം എന്നതായിരുന്നു ആദ്യം മുതലെയുള്ള സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com