അങ്ങിനെയങ്ങ് പോയാലോ സാറേ; ഓട്ടോയുടെ ടയറുകള്‍ കുത്തിക്കീറയ എസ്‌ഐക്കെതിരെ നാട്ടുകാര്‍

എസ്‌ഐ ടയറുകള്‍ വലിച്ചുകീറിയ ഓട്ടോ കുറുകെയിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം
അങ്ങിനെയങ്ങ് പോയാലോ സാറേ; ഓട്ടോയുടെ ടയറുകള്‍ കുത്തിക്കീറയ എസ്‌ഐക്കെതിരെ നാട്ടുകാര്‍

കോതമംഗലം: പഴങ്ങള്‍ വഴിയോര കച്ചവടം നടത്തിയ ഓട്ടോറിക്ഷയുടെ ടയര്‍ കുത്തിക്കീറി എസ്‌ഐയുടെ അതിക്രമം. എന്നാല്‍ എസ്‌ഐയുടെ നടപടിക്കെതിരെ ഒന്നിച്ചുനിന്ന പ്രദേശവാസികള്‍ റോഡില്‍ ഉപരോധം തീര്‍ത്ത് പ്രതിഷേധിച്ചു. 

ഓട്ടോ റോഡിന് കുറുകെയിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ചൊവ്വാഴ്ച രാത്രി കോതമംഗലത്തെ നെല്ലിക്കുഴി കവലയിലായിരുന്നു സംഭവം. പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചതോടെ രണ്ട് മണിക്കൂറോളം എംസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. 

ഇവിടെ കെഎസ്ആര്‍ടിസി ബസും, കാറും ഉരസിയുണ്ടായ ഗതാഗത തടസം നീക്കാന്‍ എത്തിയതായിരുന്നു എസ്‌ഐയും സംഘവും. ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ കണ്ടപ്പോള്‍ മാറിയതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്. 

ഓട്ടോയിലുണ്ടായിരുന്ന കത്തി എടുത്താണ് എസ്‌ഐ ഓട്ടോയുടെ മുന്നിലത്തേയും പിന്നിലത്തേയും ടയറുകള്‍ കുത്തികീറിയത്. എസ്‌ഐ ടയറുകള്‍ വലിച്ചുകീറിയ ഓട്ടോ കുറുകെയിട്ടായിരുന്നു ആദ്യം കുറച്ച് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിഷേധിച്ചത്. പിന്നീട് ഉപരോധം തീര്‍ക്കാനെത്തിയ ആളുകളുടെ എണ്ണം കൂടിവന്നു. 

പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍ പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെ സ്ഥലത്തെത്തിയ സിഐ, എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ഇതുകൂടാതെ എസ്‌ഐ വലിച്ചുകീറിയ ഓട്ടോയുടെ ടയറുകള്‍ മാറ്റി നല്‍കുമെന്നും സിഐ പറഞ്ഞു. സിഐയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com