ഗൂഢാലോചന വാദം ഉന്നയിച്ചത് മഞ്ജുവാര്യര്‍; സുനി വിളിച്ച ദിവസം തന്നെ ബഹ്‌റയ്ക്ക് പരാതി നല്‍കി; പൊലീസിനെ പ്രതിരോധത്തിലാക്കി ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ

പള്‍സര്‍ സുനിയുടെ ഭീഷണി വന്ന ഉടന്‍ തന്നെ ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് പരാതി കൈമാറിയിരുന്നുവെന്ന് ദിലിപിന്റെ അഭിഭാഷകര്‍ - വാട്‌സ്ആപ് വഴിയാണ് കത്തും ഫോണ്‍ റെക്കോര്‍ഡും കൈമാറിയത്‌ 
ഗൂഢാലോചന വാദം ഉന്നയിച്ചത് മഞ്ജുവാര്യര്‍; സുനി വിളിച്ച ദിവസം തന്നെ ബഹ്‌റയ്ക്ക് പരാതി നല്‍കി; പൊലീസിനെ പ്രതിരോധത്തിലാക്കി ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ

കൊച്ചി: ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിക്കുന്നത്  പൊലിസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ വാദമുഖങ്ങള്‍. പള്‍സര്‍ സുനിയുടെ ഭീഷണി വന്ന ഉടന്‍ തന്നെ ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് പരാതി കൈമാറിയിരുന്നുവെന്ന് ദിലിപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 

സംഭവത്തില്‍ ഗൂഢാലോചന വാദം ആദ്യം ഉന്നയിച്ചത് നടി മഞ്ജുവാര്യരാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ തന്നെ മഞ്ജു ഇങ്ങനെയൊരുവാദം മുന്നോട്ടുവെച്ചു. ഇത്തരമൊരു കൃത്യം നടത്താന്‍ നാലുവര്‍ഷം എടുത്തുവെന്ന പൊലീസ് വാദം അസ്വാഭാവികമാണ്. ദിലീപിന്റെ മൊബൈല്‍ നമ്പര്‍ പള്‍സര്‍ സുനിയുടെ പക്കല്‍ ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നുണ്ട്. രണ്ട് കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ ആളുടെ മൊബൈല്‍ നമ്പര്‍ ഇല്ലെന്ന് പറയുന്നതില്‍ നിന്ന് തന്നെ ഇത് കെട്ടുകഥയാണെന്ന് വ്യക്തമാണ്. 

ചലചിത്രരംഗത്തെ പ്രമുഖനായ ദിലീപ് കാരവനില്‍ ഇരുന്ന് ഇത്തരമൊരു കൃ്ത്യം നടത്തിയത് എങ്ങനെ വിശ്വസിക്കാനാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിക്കുന്നു. 

സുനില്‍കുമാര്‍ വിളിച്ച അന്ന് തന്നെ ലോകനാഥ് ബഹ്‌റയ്്ക്ക് വാട്‌സ് ആപ് വഴി പരാതി കൈമാറി.കത്തും ഫോണ്‍ റെക്കോര്‍ഡും ഉള്‍പ്പടെ  ബഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലേക്ക് ഏപ്രില്‍ 10നാണ് പരാതി കൈമാറിയെതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതി നല്‍കാന്‍ വൈകിയെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റെന്ന് സ്ഥാപിക്കാനാണ് ഇതുവഴി ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്. 

ദിലിപും സുനില്‍ കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍  ഒരു തരത്തിലും ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. അമ്മ സംഘടിപ്പിച്ച പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ദിലീപ് അബാദ്പ്ലാസ ഹോട്ടലില്‍ താമസിച്ചിരുന്നു. ഇതേപരിപാടിയില്‍ പങ്കെടുത്ത മുകേഷിന്റെ ഡ്രൈവര്‍ പള്‍സര്‍ സുനി അവിടെ വന്നിട്ടുണ്ടാവാം. അതാണ് ഒരേ ടവര്‍ ലൊക്കേഷനില്‍ ഇരുവരെയും കണ്ടെത്തിയതിന്റെ അടിസ്ഥാനം. ഇത് എങ്ങനെ ഗൂഢാലോചനയാകുമെന്നും പ്രതിഭാഗം അഭിഭാഷകര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com