നാടിനെ വിറപ്പിച്ച കാട്ടാനക്കൂട്ടം നാട്ടുവാസമവസാനിപ്പിച്ച് കാടുകയറുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഭാരത പുഴയിലൂടെ തിരുവില്വാമല ഭാഗത്തേക്ക് എത്തിയത്.
നാടിനെ വിറപ്പിച്ച കാട്ടാനക്കൂട്ടം നാട്ടുവാസമവസാനിപ്പിച്ച് കാടുകയറുന്നു

പാലക്കാട്: നാട്ടുകാരുടെയും വനംവകുപ്പിന്റെ പൊലീസുകാരുടെയും നീണ്ടശ്രമത്തിനൊടുവില്‍ കാടിറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ച് കയറുകയാണ്. ആനയിറങ്ങിയ രാപ്പകലുകളത്രയും നാട്ടുകാര്‍ക്ക് ഭീതിജനകമായിരുന്നു. എട്ടുദിവസം മുന്‍പു കല്ലടിക്കോട് വനമേഖലയില്‍നിന്നു നാട്ടിലേക്കിറങ്ങിയ മൂന്നു കാട്ടാനകള്‍ കറങ്ങിതിരിഞ്ഞു പഴയ സ്ഥലത്തെത്തി. ആദ്യം പ്രത്യക്ഷപ്പെട്ട മുണ്ടൂരിലേക്കാണ് ആനകള്‍ തിരിച്ചുനടന്നെത്തിയത്. 

സിസിഎഫ് എംകെ ചന്ദ്രശേഖര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ അരുണ്‍ സക്കറിയ, ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മുളങ്കാടിനുസമീപം വിശ്രമിക്കുന്ന ആനകളെ കാട്ടിലേയ്ക്കു കയറ്റാന്‍ കിണഞ്ഞ് പരിശ്രമിച്ചത്. ആനകളെ കടത്തിവിടാന്‍ പാലക്കാട്-  മണ്ണാര്‍ക്കാട് പ്രധാനപാത കടന്നുപോകുന്ന മുണ്ടൂരില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. നാട്ടിലെത്തിയിട്ട് ഇത്രയും ദിവസമായിട്ടും ആനകള്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും വരുത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഭാരത പുഴയിലൂടെ തിരുവില്വാമല ഭാഗത്തേക്ക് എത്തിയത്. പുഴയില്‍ കുളിക്കുകയായിരുന്ന സ്ത്രീകളാണ് പുലര്‍ച്ചെ ആനകളെ കണ്ടത്. തിരുവില്വാമലയില്‍ നിന്നിറങ്ങി പുഴ കടന്നു പള്ളംതുരുത്ത്, അതിര്‍കാട് വഴിയാണു മങ്കരയിലെത്തിയത്. 

രാവിലെ മായന്നൂരിനും കുത്താംമ്പുള്ളിക്കും മദ്ധ്യേ പുഴയില്‍ ആനകള്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. രാവിലെ പത്തര വരെ പുഴയില്‍ നിന്ന ആനകള്‍ ഇടയ്ക്കു കരയ്ക്കു കയറിയെങ്കിലും ട്രെയിനുകളുടെ ശബ്ദം കേട്ടു വീണ്ടും വെള്ളത്തിലിറങ്ങി. 

പതിനൊന്നരയോടെ വയനാട്, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള എലിഫെന്റ് സ്‌ക്വാഡ് സ്പീഡ് ബോട്ടില്‍ ആനകളുടെ സമീപംചെന്നു പടക്കം പൊട്ടിച്ചെങ്കിലും പരാജയപ്പെട്ടു. ഉച്ചയ്ക്കു രണ്ടിനു ശേഷമെത്തിയ മംഗളൂരു-എഗ്‌മോര്‍ എക്‌സ്പ്രസ്, ഷാലിമാര്‍-മംഗളൂരു ട്രെയിനുകള്‍ ആനയെപ്പേടിച്ച് 10 മിനിറ്റ് നിര്‍ത്തിയിട്ടു.

വൈകീട്ടായപ്പോഴേക്കും എലിഫന്റ് സ്‌ക്വാഡിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടു. പുഴയോരത്തേക്കു കയറിയ ആനകള്‍ കണ്ണന്‍കടവിലും കാളികാവിലുമെത്തി. തുടര്‍ന്നാണു റെയില്‍ കടന്നത്. ആനകള്‍ക്കു കടന്നു പോകാന്‍ രാത്രി വൈകി പൊലീസ് പാലക്കാട്-പൊന്നാനി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. വന്നവഴി തിരിച്ചുപോകുന്ന ആനകളുടെ വഴിമുടക്കരുതെന്ന് വനംവകുപ്പ് നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com