ജൈവമെന്നത് പേര് മാത്രം; ഉഗ്രവിഷമുള്ള കീടനാശിനികളില്‍ നിറഞ്ഞ് പച്ചക്കറികളും, പഴങ്ങളും പലവ്യഞ്ജനങ്ങളും

കൊച്ചിയിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ച കാപ്‌സിക്കത്തിനുള്ളില്‍ഉഗ്രവിഷമുള്ള ഏഴ് കിടനാശിനികള്‍
ജൈവമെന്നത് പേര് മാത്രം; ഉഗ്രവിഷമുള്ള കീടനാശിനികളില്‍ നിറഞ്ഞ് പച്ചക്കറികളും, പഴങ്ങളും പലവ്യഞ്ജനങ്ങളും

കൊച്ചി: ജൈവ പച്ചക്കറികളില്‍ കണ്ണുമടച്ച് വിശ്വസിച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. നിങ്ങള്‍ കരുതുന്നത് പോലെ ജൈവമല്ല നിങ്ങള്‍ക്ക് ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന പച്ചകറിയിലും പഴങ്ങളിലും പലവ്യഞ്ജനങ്ങളിലും വീണ്ടും ഉഗ്രവിഷമുള്ള കീടനാശിനുയുടെ സാന്നിധ്യം കണ്ടെത്തി. മുളകുപൊടി, ജീരകം, മല്ലിയില, കറിവേപ്പില, പുതിനയില എന്നിവയില്‍ പ്രൊഫനഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. 

2011ല്‍ കേരളം നിരോധിച്ച കീടനാശിനിയാണ് പ്രൊഫനഫോസ്. എന്‍ഡോസള്‍ഫാനും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. പുതിയ തലമുറയില്‍പ്പെട്ട കുമിള്‍നാശിനികളും, കീടനാശിനികളുമാണ് കണ്ടെത്തിയത്. 

കൊച്ചിയിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങി പരിശോധനയ്ക്ക് വിധേയമാക്കിയ പച്ച കാപ്‌സികത്തിനുള്ളില്‍ ഉഗ്രവിഷമുള്ള ഏഴ് കിടനാശിനികളുടെ സാന്നിധ്യമാണുള്ളത്. കിടനാശിനി വിമുക്തമെന്ന് പറയപ്പെടുന്ന ബജി മുളകില്‍ പുതിയ തലമുറയിലെ മൂന്ന് കീടനാശിനികളുമുണ്ട്. കേരളത്തില്‍ നിരോധിച്ചിരിക്കുന്ന കാര്‍ബോഫുറാനും ഇതിലുണ്ട്.
റെഡ് ഗ്ലോബ് എന്ന പേരിലെ മുന്തിരിയിലും നാല് കീടനാശിനികള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായി. 

കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച പച്ചക്കറി, പലവൃജ്ഞന സാധനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയിലാണ് ഉഗ്രവിഷമുള്ള കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചുവപ്പുചീര, മഞ്ഞ കാപ്‌സിക്കം, സാമ്പാര്‍ മുളക്, മല്ലിയില, കറിവേപ്പില, ചുവപ്പ് കാപ്‌സിക്കം, ബജി മുളക്, ബ്രോഡ് ബീന്‍സ് എന്നിവയുടെ സാമ്പിളുകളില്‍ ഒന്നിലധികം കീടനാശിനികളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പച്ചക്കറി കടകള്‍, പച്ചക്കറി ചന്തകള്‍, സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഒന്നിലധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com