എസ്എഫ്‌ഐയും എബിവിപിയും ഒരേതൂവല്‍ പക്ഷികള്‍: എഐഎസ്എഫ്; സംഘടനാറിപ്പോര്‍ട്ടില്‍ സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം

സംഘടനാസ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് നയമാണ് എസ്എഫ്‌ഐ നടപ്പാക്കുന്നത്
എസ്എഫ്‌ഐയും എബിവിപിയും ഒരേതൂവല്‍ പക്ഷികള്‍: എഐഎസ്എഫ്; സംഘടനാറിപ്പോര്‍ട്ടില്‍ സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം

കണ്ണൂര്‍: വലത് തീവ്രവാദത്തിനെതിരെയുള്ള ഇടതു വിദ്യാര്‍ത്ഥി കൂട്ടായ്മ തകര്‍ക്കുന്നത് എസ്എഫ്‌ഐ ആണെന്ന് എഐഎസ്എഫിന്റെ സംഘടനാ റിപ്പോര്‍ട്ട്. കണ്ണൂരില്‍ നടക്കുന്ന 43-ാം സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐയ്‌ക്കെതിരെയും സര്‍ക്കാരിനെതിരേയും രൂക്ഷ പരാമര്‍ശങ്ങളുള്ളത്. 

സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് എഐഎസ്എഫ് നടത്തിയിരിക്കുന്നത്. ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് റി്‌പ്പോര്‍ട്ടില്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച സമീപനംപോലും വിദ്യാര്‍ഥി സംഘടനകളോട് ഈ സര്‍ക്കാരിനില്ല. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പലസമരങ്ങളിവും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തിയില്ല. എസ്എഫ്‌ഐയും സര്‍ക്കാരും കാണിച്ച ഒളിച്ചുകളിക്ക് എഐഎസ്എഫും സിപിഐ നേതൃത്വവും കൂട്ടുനില്‍ക്കാത്തതിന്റെ ഫലമായി ലോ അക്കാദമി സമരത്തില്‍ മാത്രമാണ് ഏക ചര്‍ച്ചനടന്നത്.

എബിവിപിക്കെതിരെ ശബ്ദമുയര്‍ത്തുന്ന എസ്എഫ്‌ഐ അവരില്‍ നിന്നും വ്യത്യസ്തമല്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു. എസ്എഫ്‌ഐയ്ക്ക് സംഘടനാസ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് നയമാണ് എസ്എഫ്‌ഐ നടപ്പാക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
തിരുവനന്തപുരം എംജി കോളേജില്‍ എബിവിപിയുടെ ഫാസിസ്റ്റ് നിലപാടാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെങ്കില്‍ കേരളത്തിലെ മറ്റ് 64 കാമ്പസുകളില്‍ എസ്എഫ്‌ഐയാണ് ഇതേനിലപാട് സ്വീകരിക്കുന്നത്. 

വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരേ ഇടതുവിദ്യാര്‍ഥി കൂട്ടായ്മയുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍, ഇടതുമുന്നണി കണ്‍വീനര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇത് അംഗീകരിക്കാന്‍ എസ്എഫ്‌ഐ തയ്യാറായില്ല. അസഹിഷ്ണുതയുള്ളവരോട് സഖ്യം വേണ്ടെന്ന നിലപാടാണ് കേരള സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എഐഎസ്എഫ് സ്വീകരിച്ചത്.27 പുതിയ സ്വാശ്രയകോളേജുകളില്‍ എഐഎസ്എഫ് പുതിയ യൂണിറ്റ് തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ മര്‍ദിക്കാനാണ് എസ്എഫ്‌ഐ ഒരുങ്ങിയത്. ഇവരാണ് എബിവിപിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരേ സംസാരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരിഹസിക്കുന്നു. 

വിക്ടോറിയ കോളജില്‍ ശവക്കല്ലറ ഒരുക്കിയ എസ്എഫ്‌ഐയുടെ നിലപാടിനെ വിദ്യാര്‍ത്ഥികളുടെ ഉന്നതമായ കലാസൃഷ്ടിയെന്ന് വിശേിപ്പിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നിലപാട് അപക്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com