കോഴ റിപ്പോര്‍ട്ട് വെട്ടിത്തിരുത്തി ബിജെപി; തിരുത്തിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി;വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാമെന്നും കണക്കുകൂട്ടല്‍

റിപ്പോര്‍ട്ട് തിരുത്തുന്നതിലൂടെ, സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണം പാര്‍ട്ടിക്ക് അനുകൂലമായി അട്ടിമറിക്കാന്‍ സാധിക്കും എന്നാണ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം
കോഴ റിപ്പോര്‍ട്ട് വെട്ടിത്തിരുത്തി ബിജെപി; തിരുത്തിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി;വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാമെന്നും കണക്കുകൂട്ടല്‍

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്ക് സീറ്റുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ കോഴവാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ ബിജെപി നീക്കം ചെയ്തതായി സൂചനകള്‍. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സഹായിയുടെപേര് റിപ്പേര്‍ട്ടില്‍ നിന്നും വെട്ടി. അതുകൂടാതെ,കോഴയായി പണം നല്‍കിയെന്നത് കണ്‍സല്‍ട്ടന്‍സി ഫീസായി തിരുത്തുകയും ചെയ്തു. 

ഈ തിരുത്തിയ റിപ്പോര്‍ട്ടാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ തിരുത്തും മുന്‍പുള്ള റിപ്പോര്‍ട്ട് അന്വേഷണ കമ്മിഷനിലെ ഒരംഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറിയതിനാല്‍ ഇരു റിപ്പോര്‍ട്ടുകളിലെയും വൈരുദ്ധ്യം കേന്ദ്ര നേതൃത്വം അന്വേഷിക്കുമെന്നാണു വിവരം. സംസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കള്‍ നേരിട്ടു ഡല്‍ഹിയിലെത്തിയാണ് തിരുത്തിയ റിപ്പോര്‍ട്ട് കൈമാറിയത്.

റിപ്പോര്‍ട്ട് തിരുത്തുന്നതിലൂടെ, സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണം പാര്‍ട്ടിക്ക് അനുകൂലമായി അട്ടിമറിക്കാന്‍ സാധിക്കും എന്നാണ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് വരുത്തിത്തീര്‍ക്കാനും സംസ്ഥാന നേതൃത്വത്തോട് ചേര്‍ന്നു നില്‍ക്കുന്നവരെ സംരക്ഷിക്കാനും ഇത് സഹായിക്കും. 

റിപ്പോര്‍ട്ട് ചോര്‍ത്തി എന്ന കാരണത്താല്‍ സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തിരുത്തി കേന്ദ്രനേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com