'പിസി ജോര്‍ജ്, നിങ്ങളുടെ മനസ് ചികിത്സയ്ക്കു വഴങ്ങാത്ത സ്ഥൂലരോഗ പിണ്ഡമാണ്'

വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റര്‍ പി സി ജോര്‍ജ്
'പിസി ജോര്‍ജ്, നിങ്ങളുടെ മനസ് ചികിത്സയ്ക്കു വഴങ്ങാത്ത സ്ഥൂലരോഗ പിണ്ഡമാണ്'

ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ എഴുത്തുകാരി ശാരദക്കുട്ടിയുടെ രൂക്ഷ വിമര്‍ശനം.  കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ ഉന്നയിച്ച് പെണ്‍കുട്ടിയെ അതേ പീഡാനുഭവത്തിലേക്ക് പിന്നെയും എത്തിക്കുന്ന പിസി ജോര്‍ജിന്റെ മനസ് ഒരു ചികിത്സയ്ക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത സ്ഥൂലരോഗ പിണ്ഡമായി മാറിയിരിക്കുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. പിസി ജോര്‍ജിന്റെ പൊതുപ്രവര്‍ത്തനത്തിന് ഒരിക്കലും കഴിയാത്ത സന്ദേശമാണ് ധൈര്യത്തോടെ നിന്ന ആ പെണ്‍കുട്ടി കേരളീയ സമൂഹത്തിനു നല്‍കിയതെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ശാരദക്കുട്ടിയുടെ പോസ്റ്റ്:


ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.അത് ചിലപ്പോള്‍ അവള്‍ക്കു ഒരിക്കല്‍ നേരിട്ട പീഡാനുഭവത്തെ മുഴുവന്‍ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെണ്‍കുട്ടി, കേസ് കൊടുക്കാന്‍ തയ്യാറായപ്പോള്‍ പ്രബുദ്ധമായ കേരളസമൂഹം അവള്‍ക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു. .കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ഇങ്ങനെ ചോദിക്കാന്‍, മിസ്റ്റര്‍ പി സി ജോര്‍ജ്ജ്, നിങ്ങള്ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല.കാരണം ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സം ബോധവും. പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങള്‍. തളയ്ക്കാന്‍ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവര്‍ ആരായാലും,നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവള്‍ സമൂഹത്തിനു നല്‍കിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെണ്‍കുട്ടികള്‍ക്കും ഞങ്ങളെ പോലെ ഉള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കും പകര്‍ന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ 'പൊതുപ്രവര്‍ത്തന'ത്തില്‍ നിന്ന് , അതിനു അവസരം തന്ന ജനതയോടുള്ള കടപ്പാടായി പോലും തിരികെ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യര്‍ഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. .വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റര്‍ പി സി ജോര്‍ജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com