രമേശിന്റെയും സതീഷ് നായരുടെയും പേരുകള്‍ ഒഴിവാക്കും, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് തിരുത്തി ഒത്തുതീര്‍പ്പിന് ബിജെപിയില്‍ ധാരണ

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി
രമേശിന്റെയും സതീഷ് നായരുടെയും പേരുകള്‍ ഒഴിവാക്കും, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് തിരുത്തി ഒത്തുതീര്‍പ്പിന് ബിജെപിയില്‍ ധാരണ

തൃശൂര്‍; എംടി രമേശിന്റെയും സതീഷ് നായരുടെയും പേരുകള്‍ ഒഴിവാക്കി ബിജെപി മെഡിക്കല്‍ കോളജ് കോഴ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടൊപ്പം സംസ്ഥാന നേതൃത്വം എടുത്ത അച്ചടക്ക നടപടികള്‍ മരവിപ്പിക്കാനും നീക്കമുണ്ട്.

മെഡിക്കല്‍ കോളജ് കോഴ വിവാദം പാര്‍ട്ടിയില്‍ വലിയ ആഭ്യന്തരക്കുഴപ്പത്തിന് ഇടവച്ച സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തി അതിന് അനുസരിച്ച് വിജിലന്‍സിന് മൊഴി നല്‍കാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രം നിര്‍ദേശിച്ച തിരുത്തലുകള്‍ അനുസരിച്ച് എംടി രമേശിന്റെയും സതീഷ് നായരുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കും. എംടി രമേശിനെതിരെ റിപ്പോര്‍ട്ടില്‍ ആരോപണമൊന്നും ഇല്ലെങ്കിലും മെഡിക്കല്‍കോളജ് അംഗീകാരത്തിനായി സമീപിച്ചതായി പേരു പരാമര്‍ശിക്കുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ്, കോഴയായി നല്‍കാനുള്ള പണം കൈമാറിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രമേശിന്റെയും സതീഷ് നായരുടെയും പേരുകള്‍ ഒഴിവാക്കി അതിന് അനുസരിച്ച് വിജിലന്‍സിന് മൊഴി നല്‍കാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്.

ഇതിനൊപ്പം റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ പേരില്‍ സംസ്ഥാന തലത്തില്‍ എടുത്ത അച്ചടക്ക നടപടികള്‍ മരവിപ്പിക്കും. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് വിവി രാജേഷിനെ സംഘടനാ ചുമതലകളില്‍നിന്നു മാറ്റിയിരുന്നു. അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന എകെ നസീറിന് എതിരായ നടപടിയും ഒഴിവാക്കും. അച്ചടക്ക നടപടികളുടെ പേരില്‍ വി മുരളീധരന്‍ പക്ഷം കടുത്ത അതൃപ്തി പ്രകടമാക്കിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തിരുത്തി ഒത്തുതീര്‍പ്പു ധാരണ ഉണ്ടാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com