കേഡല്‍ ബ്ലൂ വെയില്‍ ഗെയിമിന് അടിമ?; നന്തന്‍കോട് കൂട്ടക്കൊലയ്ക്കു പിന്നിലും കൊലയാളി ഗെയിമെന്ന് സൂചന

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജയ്‌സണ്‍ ബ്ലൂവെയ്ല്‍ ഗെയ്മിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കേഡല്‍ ബ്ലൂ വെയില്‍ ഗെയിമിന് അടിമ?; നന്തന്‍കോട് കൂട്ടക്കൊലയ്ക്കു പിന്നിലും കൊലയാളി ഗെയിമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജയ്‌സണ്‍ ബ്ലൂവെയ്ല്‍ ഗെയ്മിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മാതാപിതാക്കളെയും സഹോദരിയെയും ജോലിക്കാരിയായ ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കേഡല്‍ സഹതടവുകാരോട് ഇക്കാര്യം പറഞ്ഞതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. മാനസിക രോഗ ചികിത്സയ്ക്കു വിധേയനായ കേഡല്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആണുള്ളത്.

അറസറ്റിനു ശേഷം ജില്ലാ ജയിലിലായിരുന്ന ദിവസങ്ങളില്‍ സഹതടവുകാരോട് കേഡല്‍ ഗെയിമിനെക്കുറിച്ചു പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ഗെയിം കളിക്കുമ്പോള്‍ തനിക്കു ചില നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായാണ് കേഡല്‍ സെല്ലിലെ സഹതടവുകാരെ അറിയിച്ചത്.

കേഡല്‍ സാത്താന്‍ സേവയ്ക്ക് അടിമയായിരുന്നുവെന്നാണ് ആദ്യ അന്വേഷണത്തിലെ സൂചനകള്‍. ആത്മാവിനെ വിമോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ഒടിവിദ്യ കേഡല്‍ പ്രാക്ടീസ് ചെയ്തിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. കൂട്ടുകാരുമായോ ബന്ധുക്കളുമായോ ഒരുവിധ ബന്ധവും ഇല്ലാതിരുന്ന കേഡല്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ബ്ലൂ വെയില്‍ ഗെയിമിലേക്ക് അന്വേഷണം ഊന്നിയിരുന്നില്ല. അതുകൊണ്ടുതന്നെ ഗെയിമിന്റെ സ്വാധീനം കൊണ്ട് കൂട്ടക്കൊല നടത്താനുള്ള സാധ്യത അന്വേഷണ സംഘം പരിശോധിച്ചുമില്ല.

കഴിഞ്ഞ ഏപ്രിലിലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. റിട്ട. പ്രഫ. രാജ് തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കാരള്‍, ബന്ധു ലളിത എന്നിവരാണ് കേഡലിന്റെ കൊലക്കത്തിക്ക് ഇരയായത്. ലളിതയുടെ മൃതദേഹം വീട്ടിനുള്ളില്‍ കൊത്തിനുറുക്കിയ നിലയിലും മറ്റു മൂന്നു പേരുടേത് കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിനു ശേഷം നാടുവിട്ട കേഡല്‍ ഏതാനും ദിവസത്തിനകം തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആരും മരണത്തിലേക്കു നീങ്ങിയതായോ കൊലപാതകങ്ങള്‍ നടത്തിയതായോ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ കഴിഞ്ഞ ദിവസം അറിയിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും നടന്ന ആത്മഹത്യകള്‍ ബ്ലൂ വെയില്‍ ഗെയിമിന് അടിമകളായതിനു ശേഷം നടന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അന്‍പതു വ്യത്യസ്ത സ്റ്റേജുകളിലായി കളിക്കുന്ന ബ്ലൂ വെയില്‍ ഗെയിന്റെ അവസാനത്തോട് അടുക്കും തോറും കളിക്കുന്നയാള്‍ വിഭ്രാന്തിയുടെ ഘട്ടത്തിലേക്ക് എത്തുമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com