ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപ് രണ്ടാം തവണയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപ് രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പൊലീസ്, മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള സിനിമാ മേഖലയിലെ ഒരു സംഘത്തിന്റെ ഗൂഢാലോചനയാണ് തന്നെ കുടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ.

ആദ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് തന്നെയാണ് ഇന്നും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നടിയ്്ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ുവാര്യരായിരുന്നു.  ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്തതിനാല്‍ റിമാന്‍ഡ് തുടരുന്നത് അനാവശ്യമാണ്. ജയിലിലായതിനാല്‍ 50 കോടി രൂപയുടെ സിനിമ പദ്ധതികള്‍ താളം തെറ്റിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയെങ്കിലും ഇത് പകര്‍ത്തിയ ഫോണോ മെമ്മറി കാര്‍ഡോ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. മറ്റ് ഫോണുകളിലേക്ക് കോപ്പി ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമുള്ള വാദമാകും പൊലീസ് കോടതിയില്‍ ഉന്നയിക്കുക. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് വാട്‌സ് ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നുവെന്ന ദിലീപിന്റെ ആരോപണം സംബന്ധിച്ചുള്ള മറുപടിയും പൊലീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിക്കുന്നത്  പൊലിസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ വാദമുഖങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു എഡിജിപി ബി സന്ധ്യക്കെതിരെയും ഡിജിപിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. കേസില്‍ ഗൂഢാലോചന ആരോപിക്കുന്ന നടിയും തന്റെ മുന്‍ഭാര്യയുമായിരുന്ന മഞ്ജുവാര്യരുമായി എഡിജിപിക്ക് അടുബന്ധമാണെന്നും ദിലീപ് പറയുന്നു. ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യരും മറ്റുചില പ്രമുഖരും കൂടിച്ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെ ഉയര്‍ന്നുവന്നതെന്നും ദിലീപ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com