13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ ഡോക്ടര്‍ക്കെതിരെ കേസെടുത്തു; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് രക്ഷിതാക്കള്‍

പഠനവൈകല്യമുണ്ടെന്ന് സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ 13 വയസുള്ള കുട്ടിയ്ക്ക് നേരെയാണ് പീഡനമുണ്ടായത് 
13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ ഡോക്ടര്‍ക്കെതിരെ കേസെടുത്തു; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് രക്ഷിതാക്കള്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ. കെ ഗിരീഷിനെതിരെ കേസെടുത്തു.  പഠനവൈകല്യമുണ്ടെന്ന് സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ 13 വയസുള്ള കുട്ടിയ്ക്ക് നേരെയാണ് പീഡനമുണ്ടായത്. സര്‍ക്കാര്‍ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസും ഈ ഡോക്ടര്‍ നടത്തുന്നുണ്ട്. 

സംഭവം നടന്നിട്ട് എട്ടുദിവസം പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ കൈക്കൊളളുന്നില്ലെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് ആഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗണ്‍സിലര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഡോക്ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത്.

ബോക്‌സ് പോലുള പസില്‍കൊടുത്തശേഷം ഡോക്ടര്‍ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകന്‍ പറഞ്ഞു. ഇതറിഞ്ഞയുടന്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈല്‍ഡ്‌ലൈന്‍ തമ്പാനൂര്‍ പൊലീസിന് പരാതി കൈമാറി. സംഭവം നടന്ന ഫോര്‍ട്ട് പൊലീസ് പരിധിയിലേക്ക് 16നാണ് കേസ് മാറ്റിയതും. എന്നാല്‍ 

ഫോര്‍ട്ട് സ്‌റ്റേഷനില്‍ കുട്ടിയുടെ മൊഴിയെടുത്തില്ലെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.കേസ് ഒത്തുതീര്‍പ്പിനായി നിരന്തരം ശ്രമമുണ്ടാകുന്നതായും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന് നേരിട്ട് പരിചയപ്പെടുത്തിയും ഒത്തുതീര്‍പ്പ് ശ്രമമുണ്ടായതായും ഇവര്‍ ആരോപിക്കുന്നു. പോക്‌സോ ആക്ട് 7,8 വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍ എന്ന നിലയില്‍ ഒമ്പതാം വകുപ്പുകൂടി ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ചാനല്‍ പരിപാടികളിലൂടെ പരിചിതനായ ഡോ.കെ ഗിരീഷ് മാനസികാരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോഡിനേറ്റര്‍ കൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com