ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി പരിഗണിക്കും

ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയെല്ലാം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, കേസ് അട്ടിമറിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും
ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം തവണ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം കേള്‍ക്കുന്നതിന് പുറമെ പൊലീസ് ഇന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കും. 

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി ദിലീപിനെ അങ്കമാലി കോടതിക്ക് മുന്‍പില്‍ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. സാമ്പത്തികമായും അല്ലാതെയും സ്വാധീനമുള്ള ദിലീപിന് ജാമ്യം ലഭിച്ചാല്‍ ഇവരെയെല്ലാം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, കേസ് അട്ടിമറിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും. 

മുഖ്യപ്രതിയായ സുനി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ദിലീപ് പരാതി നല്‍കിയിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദത്തിലും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ മറുപടി പറയും. 

സിനിമാ മേഖലയിലെ പ്രമുഖരും, ചില പൊലീസുകാരും, മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഈ കേസെന്നായിരിക്കും കോടതിയില്‍ പ്രതിഭാഗം നിലപാടെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com