കണ്ടതിനു തെളിവുണ്ടോ? ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടു പേര്‍ വന്നാല്‍ ഗൂഢാലോചനയാവുമോ? ദിലീപീന്റെ അഭിഭാഷകന്‍ കോടതിയില്‍

സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ല. മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്.
കണ്ടതിനു തെളിവുണ്ടോ? ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടു പേര്‍ വന്നാല്‍ ഗൂഢാലോചനയാവുമോ? ദിലീപീന്റെ അഭിഭാഷകന്‍ കോടതിയില്‍

കൊച്ചി: രണ്ടു പേര്‍ ഒരേ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നു എന്നത് എങ്ങനെ ഗൂഢാലോചനയുടെ തെളിവായെടുക്കാനാവുമെന്ന്, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വാദത്തിനിടെ അഭിഭാഷകന്‍. ടവര്‍ ലൊക്കഷന്‍ എന്നത് മൂന്നു കിലോമീറ്റര്‍ വരെയുണ്ടാവും. ഇത്തരമൊരു ദൂരപരിധിയില്‍ ഉണ്ടായിരുന്നവര്‍ ഗൂഢാലോചന നടത്തി എന്നു പറയുന്നത് യുക്തിഭദ്രമാണോയെന്ന് പ്രതിഭാഗം അഭിഭാഷന്‍ ചോദിച്ചു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായി എന്നു പറയുന്നതും ഗൂഢാലോചനയ്ക്ക് തെളിവായി എടുക്കാനാവില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ള വാദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ രണ്ടാം ദിനവും ദീര്‍ഘമായ വാദങ്ങളാണ് അഭിഭാഷകന്‍ മുന്നോട്ടുവച്ചത്. 

സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ല. മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ടതുണ്ടോയെന്നും അഭിഭാഷകന്‍ ചോദിച്ചു. 

പൊലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന്് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കേണ്ടതാണെന്ന് ബി രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം !ഡിജിപിയെ അറിയിച്ചിരുന്നുവെന്ന് ദിലിപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ബി.രാമന്‍പിള്ള വാദിച്ചു. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.  


സുനില്‍ നിരവധി കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പൊലീസ് ദിലീപീനെ കുരിശിലേറ്റുകയാണ്. സുനില്‍ ജയിലില്‍ നിന്ന്് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്യേണ്ടത്?

ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്‍കിയിട്ടും ഇതെക്കുറിച്ചു പൊലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്നു പോലും ചോദിച്ചില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമമാണെന്നു സംശയിക്കണം. മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളും പ്രതിഭാഗം എടുത്തു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com