അബ്രാഹ്മണന്‍ പൂജിച്ചാല്‍ ദേവി കോപിക്കുമെന്ന് തന്ത്രി, ക്ഷേത്രം കലാപഭൂമിയാകുമെന്ന് ഹിന്ദു മത കണ്‍വെന്‍ഷന്‍; ദേവസ്വം ബോര്‍ഡ് മുട്ടുമടക്കി

ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ഹിന്ദു മത കണ്‍വെന്‍ഷനിലെ 13 അംഗങ്ങളില്‍ 11 പേരും സവര്‍ണരാണ്
അബ്രാഹ്മണന്‍ പൂജിച്ചാല്‍ ദേവി കോപിക്കുമെന്ന് തന്ത്രി, ക്ഷേത്രം കലാപഭൂമിയാകുമെന്ന് ഹിന്ദു മത കണ്‍വെന്‍ഷന്‍; ദേവസ്വം ബോര്‍ഡ് മുട്ടുമടക്കി

ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ മാത്രം പൂജിക്കുന്ന പാരമ്പര്യം അവസാനിപ്പിച്ചാണ് ദേവസ്വം ബോര്‍ഡ് ഇതര സമുദായക്കാരേയും ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചു തുടങ്ങിയത്. എന്നാല്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ മാത്രം അബ്രാഹ്മണനെ നിയമിക്കുന്നതിനെതിരെ ഇപ്പോള്‍ കലാപക്കൊടി ഉയരുകയായിരുന്നു.

അബ്രാഹ്മണമനെ നിയമിച്ചാല്‍ ദേവി കോപം നേരിടേണ്ടി വരുമെന്ന ക്ഷേത്രം തന്ത്രിയുടെ ഭീഷണിയും, ക്ഷേത്രം കലാപഭൂമിയാകുമെന്ന ഹിന്ദു മത കണ്‍വെന്‍ഷന്‍കാരുടെ സമ്മര്‍ദ്ദ തന്ത്രവും മൂലമാണ് ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ട എസ്.സുധികുമാറിന്റെ നിയമനം ദേവസ്വം കമ്മിഷണര്‍ക്ക് തടഞ്ഞുവയ്‌ക്കേണ്ടി വന്നത്. 

അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ദേവീകോപം നേരിടേണ്ടി വരുമെന്ന് ഭീഷണി മുന്‍നിര്‍ത്തി ക്ഷേത്രം തന്ത്രി ദേവസ്വത്തിന് നല്‍കിയിരുന്നു. അബ്രാഹ്മണനെ നിയമിച്ചാല്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര ലംഘനത്തിന് കാരണമാകും എന്ന തന്ത്രിയുടെ മുന്നറിയിപ്പിന് പുറമെ, ക്ഷേത്രം കലാപഭൂമിയാകുമെന്ന ഹിന്ദു മത കണ്‍വെന്‍ഷന്‍കാരുടെ ഭീഷണിയും നിയമനം തടഞ്ഞു വയ്ക്കാന്‍ ദേവസ്വം കമ്മിഷണറെ പ്രേരിപ്പിച്ചു. 

ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ഹിന്ദു മത കണ്‍വെന്‍ഷനിലെ 13 അംഗങ്ങളില്‍ 11 പേരും സവര്‍ണരാണ്. ഇവരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ദേവസ്വം കമ്മിഷണറും കൂട്ടുനിന്നതെന്നാണ് നിയമനം നിഷേധിക്കപ്പെട്ട എസ്.സുധികുമാര്‍ ആരോപിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇവര്‍ ഈഴവര്‍ക്ക് അയിത്തം കല്‍പ്പിക്കുകയാണ്. 

എന്നാല്‍ തുളു ബ്രാഹ്മണനായിരുന്ന ദേവരാജന്‍ പോറ്റി പൂജ ചെയ്തിരുന്ന ക്ഷേത്രത്തില്‍ മലയാളി ബ്രാഹ്മണരെ പൂജ നടത്താവു എന്ന് പറഞ്ഞാല്‍ അത് ക്ഷേത്രത്തെ കുറിച്ച് അറിയാവുന്ന ആരും വിശ്വസിക്കില്ലെന്നും സുധികുമാര്‍ ചൂണ്ടിക്കാട്ടുന്നു. 

അബ്രാഹ്മണനെ ക്ഷേത്രത്തില്‍ ശാന്തിക്കാരനാക്കിയത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയ ദേവസ്വം കമ്മിഷണര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൂജാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ അശാന്തിയുണ്ടാകരുതെന്ന് കരുതിയാണ് താന്‍ നിയമനം തടഞ്ഞതെന്നാണ് കമ്മിഷണറുടെ വാദം. 

അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിക്കുന്നതിനെതിരെ ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണനും, ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജൂലായ് ഒന്നിനായിരുന്നു സുധികുമാര്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുന്‍പ് ഹിന്ദു മത കണ്‍വെന്‍ഷന്‍ അബ്രാഹ്മണന്‍ ശാന്തിക്കാരനാകുന്നതിന് എതിരെ പ്രമേയം പാസാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com