കോണ്‍ഗ്രസ് വനിതാ നേതാവിന്റെ കെണിയില്‍ കുടുങ്ങി ബാങ്ക് മാനേജരെ മര്‍ദിച്ചു; നിശാന്തിനിക്കെതിരെ വകുപ്പുതല നടപടി

വി.ഡി പ്രമീളയുടെ പരാതി സംശയകരമാണെന്നും ഒരു കെണിയാണോയെന്ന് സംശയിക്കണമെന്നുമായിരുന്നു ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ട് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി വിധിയെഴുതിയത്
കോണ്‍ഗ്രസ് വനിതാ നേതാവിന്റെ കെണിയില്‍ കുടുങ്ങി ബാങ്ക് മാനേജരെ മര്‍ദിച്ചു; നിശാന്തിനിക്കെതിരെ വകുപ്പുതല നടപടി

കൊച്ചി: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ കെണിയില്‍ കുടുങ്ങി ബാങ്ക് മാനേജരെ മര്‍ദിച്ച ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിക്കും സംഘത്തിനുമെതിരെ വകുപ്പുതല നടപടിയ്ക്ക്് സര്‍ക്കാര്‍ ഉത്തരവ്. മര്‍ദനത്തിനിരയായ ബാങ്ക് മാനേജര്‍ പെഴ്‌സി ജോസഫിന്റെ നീണ്ട ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്നത്തെ അഡിഷണല്‍ പീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ കേസുമായി ബന്ധപ്പെട്ട എല്ലാവരുടേയും നിലപാടുകള്‍ കേട്ട ശേഷം നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. 

യൂണിയന്‍ ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ചീഫ് മാനേജരായ ഇദ്ദേഹത്തിനെതിരെ മൂന്നാംമുറ പ്രയോഗിച്ചതിനാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ആര്‍ നിശാന്തിനി ഉള്‍പ്പെടെയുള്ള ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

പെഴ്‌സി ജോസഫ് തൊടുപുഴ ബ്രാഞ്ചില്‍ ജോലി ചെയ്യവെ 2011 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കില്‍ വാഹന വായ്പയ്‌ക്കെത്തിയ വി.ഡി പ്രമീളയെന്ന പൊലീസുകാരിയുടെ കയ്യില്‍ കയറി പിടിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് പെഴ്‌സിയെ കസ്റ്റഡിയിലെടുക്കുന്നത്. തൊടുപുഴയിലെ ഒരു കോണ്‍ഗ്രസ് വനിതാ നേതാവിന് തന്നോട് ഉണ്ടായിരുന്ന പകയുടെ അനന്തരഫലമാണ് തനിക്കെതിരെ വ്യാജ കേസ് ചമച്ച പൊലീസ് മര്‍ദനത്തിലേക്ക് നയിച്ചതെന്ന് പെഴ്‌സി പറയുന്നു. 

അന്ന് തൊടുപുഴ എസ്പി ആയിരുന്നു നിശാന്തിനി. പൊലീസ് സ്റ്റേഷനില്‍ വെച്ച് നിശാന്തിനി തന്റെ മുഖത്ത് രണ്ടുവട്ടം അടിക്കുകയും പൊലീസുകാര്‍ നിലത്തിരുത്തി കാല്‍വെള്ളയില്‍ ലാത്തികൊണ്ട് അടിക്കുകയും ചെയ്തുവെന്ന് പെഴ്‌സി പറയുന്നു. സ്ത്രീ വിഷയമായതിനാല്‍ നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപമാനിതനായെന്നും പിന്നീട് നിയമപോരാട്ടം ആരംഭിക്കുകയായിരുന്നുവെന്നും പെഴ്‌സി പറയുന്നു. 

നേതാവ് ഇടപെട്ട ഒരു കേസില്‍ ജപ്തി നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു,എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും ഇതാണ് കള്ളക്കേസില്‍ കുടുക്കിയതിലേക്ക് നീങ്ങിയതെന്നും പെഴ്‌സി പറയുന്നു. സംഭവ ദിവസം രാവിലെ ഇവരുടെ ഭര്‍ത്താവ് ബാങ്കിലെത്തി കാര്‍ഷിക വായ്പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭവന വായ്പയ്ക്ക് കുടിശ്ശിക ഉണ്ടായിരുന്നതിനാല്‍ സമ്മതിച്ചില്ല. തുടര്‍ന്ന് കാണിച്ചു തരാം എന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. അന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്,പെഴ്‌സി പറയുന്നു. 

മര്‍ദനത്തിന് ഷേഷം പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്നത്തെ ഇടുക്കി എസ്പി അന്വേഷിച്ചെങ്കിലും പൊലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ ബാങ്കിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സത്യാവസ്ഥ മനസ്സിലായി. ഞാന്‍ സീറ്റില്‍ നിന്ന് എഴുനേറ്റത് പോലും അതിലില്ലായിരുന്നു,പെഴ്‌സി പറയുന്നു. 

വി.ഡി പ്രമീളയുടെ പരാതി സംശയകരമാണെന്നും ഒരു കെണിയാണോയെന്ന് സംശയിക്കണമെന്നുമായിരുന്നു ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ട് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി വിധിയെഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com