ചാനല്‍ ചര്‍ച്ചകള്‍ ചായക്കടയിലെ വായ്ത്താരി: റിപ്പോര്‍ട്ടിങ്ങില്‍ ഉത്തരവാദിത്വ ബോധം വേണമെന്ന് ഹൈക്കോടതി

ബാലാവകാശ കമ്മിഷന്‍ നിയമനക്കേസില്‍ സര്‍ക്കാരിനെതിരെ ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ്
ചാനല്‍ ചര്‍ച്ചകള്‍ ചായക്കടയിലെ വായ്ത്താരി: റിപ്പോര്‍ട്ടിങ്ങില്‍ ഉത്തരവാദിത്വ ബോധം വേണമെന്ന് ഹൈക്കോടതി


കൊച്ചി: ചാനല്‍ ചര്‍ച്ചകളെ ചായക്കടയിലെ വായ്ത്താരിയായി കണ്ടാല്‍ മതിയെന്ന് ഹൈക്കോടതി. ചാനലുകള്‍ സാഹാഹ്ന കോടതികള്‍ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് അഭിഭാഷകര്‍ പരാതി ഉന്നയിച്ചപ്പോഴായിരുന്നു, ചീഫ് ജസ്റ്റസ് നവനീതി പ്രസാദ് സിങ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

കോടതി നടപടികള്‍ ചാനല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നതിന് എതിരെയായിരുന്നു അഭിഭാഷകരുടെ പരാതി. ബാലാവകാശ കമ്മിഷന്‍  നിയമനം റദ്ദാക്കിയ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് ചാനല്‍ ചര്‍ച്ചകള്‍ കോടതിയില്‍ വിഷയമായത്.

ബാലാവകാശ കമ്മിഷന്‍ നിയമനക്കേസില്‍ സര്‍ക്കാരിനെതിരെ ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കോടതി അഡ്വക്കറ്റ് ജനറലുമായി കേസ് സംബന്ധിച്ച് ആശയവിനിമയം നടത്തുക മാത്രമാണ്‌ചെയ്തത്. ഇതാണ് സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ എന്ന നിലയില്‍ വാര്‍ത്തയായത്. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വ  ബോധം പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. കേസ് തീര്‍പ്പുകല്‍പ്പിച്ചു കോടതി രേഖാമൂലം പുറപ്പെടുവിക്കുന്നതാണ് ഉത്തരവ്. വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ ഉത്തരവിന്റെ ഭാഗമല്ല. അത്തരത്തില്‍ ധാരണയുണ്ടാക്കും വിധം വാര്‍ത്തകള്‍ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയ്ക്കും മാധ്യമങ്ങള്‍ക്കും നല്ലതല്ല. മാധ്യമങ്ങള്‍ പലപ്പോഴും പരിധി വിടുകയാണ്. കേരളത്തിലെ കോടതി റിപ്പോര്‍ട്ടിങ് സംബന്ധിച്ച് പ്രസ് കൗണ്‍സിലുമായി ആശയ വിനിമയം നടത്തിയതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com