കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ട്, ലക്ഷ്യമിടുന്നത് സിപിഎം ആഭിമുഖ്യമുള്ള ഈഴവ സമുദായ അംഗങ്ങളെ

ലവ് ജിഹാദ് നടപ്പാക്കാന്‍ ദാവാ സ്‌ക്വാഡുകള്‍ - പ്രവര്‍ത്തനം ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് - ലക്ഷ്യം വിദ്യാഭ്യാസ യോഗ്യതയുള്ള യുവ പ്രൊഫഷനലുകള്‍ 
കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ട്, ലക്ഷ്യമിടുന്നത് സിപിഎം ആഭിമുഖ്യമുള്ള ഈഴവ സമുദായ അംഗങ്ങളെ

കോഴിക്കോട്: കേരളത്തില്‍ കുറച്ചുകാലമായി ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്. ഇസ്ലാമിലേക്ക് യുവാക്കളെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദാവാ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും സിപിഎമ്മിനോട് ആഭിമുഖ്യമുള്ള ഈഴവ സമുദായാംഗങ്ങളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നില്ലെന്ന്, 2009ല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടില്‍നിന്നു വിരുദ്ധമാണ് പൊലീസിന്റെ പുതിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ 139 പേര്‍ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂര്‍ ജില്ലയില്‍ 23 യുവാക്കളാണ് മതം മാറിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ മതംമാറ്റങ്ങള്‍ നടക്കുന്നത്. ഹിന്ദു സംഘടനകളില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ദാവാ സംഘങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നതിനാല്‍ പലയിടത്തും ഹിന്ദു-മുസ്ലിം സംഘര്‍ഷമുണ്ടാവുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂ്ണ്ടിക്കാട്ടുന്നു.

പ്രൊഫഷനല്‍ യോഗ്യതയുള്ളവരെയും സിപിഎമ്മിനോട് ആഭിമുഖ്യമുള്ളവരെയും ലക്ഷ്യമിട്ടാണ് ദാവാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളെയും യുവാക്കളെയുമാണ് ഇവര്‍ ഉന്നമിടുന്നത്. തീവ്ര മതചിന്താഗതിക്കാരെങ്കിലും അതു മറച്ചുവയ്ക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. വസ്ത്രധാരണത്തില്‍ പോലും മതചിന്ത കടന്നുവരാത്ത വിധത്തില്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാര്‍ഥികളും യുവ പ്രൊഫഷനലുകളുമാണ് സംഘത്തില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. തൊഴിലിടങ്ങളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും സോഷ്യല്‍ മിഡിയയില്‍നിന്നുമെല്ലാമാണ് ഇവര്‍ പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരുമായി ഇവര്‍ സൗഹൃദം സ്ഥാപിക്കും. പതുക്കെപ്പതുക്കെ മറ്റു സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും ഇവരെ അകറ്റും. അങ്ങനെയാണ് ഇവര്‍ ലക്ഷ്യത്തിലെത്തുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ദാവാ സംഘങ്ങള്‍ക്കു മറ്റു സഹായങ്ങള്‍ നല്‍കാന്‍ സംഘടിതമായ യൂണിറ്റുകളുണ്ട്. കണ്ടെത്തുന്ന ഒരോരുത്തരെയും ഇസ്ലാമിലേക്ക് എത്തിക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ഇത്തരം യൂണിറ്റുകളാണ് നല്‍കുന്നത്. 

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2004ലെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര പരിശോധനയില്ലാതെ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് നല്‍കി റവന്യു ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിനു കൂട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ദാവാ സംഘങ്ങളുടെ പ്രവര്‍ത്തനവും ലവ് ജിഹാദും സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ സമ്മതിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. പല മാര്‍ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഇതിനെ നേരിടാന്‍ പൊലീസ് പ്രത്യേക സംഘങ്ങളെ തന്നെ നിയോഗിച്ചിട്ടുണ്ടെന്ന് ബെഹറ വ്യക്തമാക്കിയതായി വാര്‍ത്തയില്‍ പറയുന്നു. സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും ആഭ്യന്തര വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.

സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് 2009ല്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയത്തിലൂടെ ഇസ്ലാമില്‍ എത്തിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സത്യവാങമൂലത്തില്‍ വ്യക്തമാക്കിയത്. ഐഎസില്‍ ചേരുന്നതായി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട അഞ്ചുപേര്‍ ഇസ്ലാമിലേക്കു മതം മാറിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ്, ലവ് ജിഹാദ് ഇല്ലെന്നു സത്യവാങമൂലം നല്‍കി എട്ടു വര്‍ഷത്തിനു ശേഷം പൊലീസ് വിശദ അന്വേഷണം നടത്തിയത്. 

വൈക്കം സ്വദേശിയായ അഖില, ഹാദിയ എന്ന പേരില്‍ മതംമാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത് ലവ് ജിഹാദ് ആണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം എന്‍ഐഎ അന്വേഷണം നടത്തിവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com