പൊലീസ് വലയം ഭേദിച്ച് ബോണക്കാട് മലയില്‍ കുരിശുനാട്ടി വിശ്വാസികള്‍; ബലപ്രയോഗത്തില്‍ പൊലീസുകാര്‍ക്ക് പരുക്ക്

സംരക്ഷിത വനപ്രദേശമായ ബോണക്കാട് കുരിശുമലയില്‍ വിലക്ക് മറികടന്ന് വിശ്വസികള്‍ കുരിശ് നാട്ടി. ഉന്തിലും തള്ളിലും വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സ്റ്റാലിന്‍ ജോസിനും മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു
പൊലീസ് വലയം ഭേദിച്ച് ബോണക്കാട് മലയില്‍ കുരിശുനാട്ടി വിശ്വാസികള്‍; ബലപ്രയോഗത്തില്‍ പൊലീസുകാര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംരക്ഷിത വനപ്രദേശമായ ബോണക്കാട് കുരിശുമലയില്‍ വിലക്ക് മറികടന്ന് വിശ്വസികള്‍ കുരിശ് നാട്ടി. തടയാന്‍ ശ്രമിച്ച പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ബലപ്രയോഗത്തിലൂടെ പിന്തിരിപ്പിച്ചാണ് വിശ്വാസികള്‍ കുരിശ് സ്ഥാപിച്ചത്. ഉന്തിലും തള്ളിലും വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സ്റ്റാലിന്‍ ജോസിനും മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു.
ഉച്ചയ്ക്ക് ശേഷം കത്തോലിക്ക സഭയുടെ കീഴിലുള്ള കെസിവൈഎംന്റെ (കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്) നേതൃത്വത്തില്‍ വിശ്വാസികള്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം വിലക്ക് മറികടന്ന് കുരിശുമല കയറാനാരംഭിച്ചു. പള്ളിക്ക് സമീപം സംഘത്തെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ ബലപ്രയോഗത്തിലൂടെ മറികടക്കുകയായിരുന്നു.

മരക്കുരിശ് നാട്ടിയതിന് പിന്നാലെ താല്‍ക്കാലിക ആള്‍ത്താരയില്‍ തകര്‍ക്കപ്പെട്ട ബലിപീഠം പുന:സ്ഥാപിച്ച് കുര്‍ബാന നടത്തി. 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരിശ് സ്ഥാപിച്ചതെന്നും കേരള വനനിയമം പ്രാബല്യത്തില്‍ വരുന്നത് ഇതിന് ശേഷമാണെന്നുമാണ് സഭയുടെ അവകാശവാദം. ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ നെയ്യാറ്റിന്‍ ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്താകമാനം നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും സഭാ നേതൃത്വം ആരോപിച്ചു

വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെതിരെ സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍ രൂപത പള്ളിയില്‍ ഇടയലേഖനം വായിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com