മങ്ങാനത്തെ കൊലപാതകം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; പ്രതികള്‍ അറസ്റ്റില്‍

പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പില്‍ വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
മങ്ങാനത്തെ കൊലപാതകം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; പ്രതികള്‍ അറസ്റ്റില്‍

കോട്ടയം: പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പില്‍ വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ചില കേസുകളില്‍ പ്രതിയുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടില്‍നിന്നാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എആര്‍വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തല യന്ത്രവാള്‍ ഉപയോഗിച്ച് അറുത്തു മാറ്റുകയായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

മൂന്നു ദിവസമായി ദുര്‍ഗന്ധമുയര്‍ന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അരയ്ക്കു മുകളിലേക്കുള്ള ഭാഗം ഒരു ചാക്കിലും ബാക്കിയുള്ളവ മറ്റൊരു ചാക്കിലുമായാണു കണ്ടെത്തിയത്. പുഴുവരിക്കുന്ന നിലയിലുള്ള മൃതദേഹം സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ വഴിയോടു ചേര്‍ന്നുള്ള ചെറിയ പൊന്തക്കാട്ടിലായിരുന്നു കിടന്നിരുന്നത്. നീല ഷര്‍ട്ടും കാവി മുണ്ടുമാണു വേഷം. മുണ്ട് ചാക്കില്‍ തിരുകിക്കയറ്റിയ നിലയിലായിരുന്നു. ചാക്കില്‍ നിന്ന് നീല നിറത്തിലുള്ള റബര്‍ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹം തിരിച്ചറിയാതിരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് മുന്‍പ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ അവസാനം വിളിച്ചത് വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്ന് മനസിലായി. തുടര്‍ന്ന് വിനോദിനെയും കുഞ്ഞുമോളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രി വരെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം. സന്തോഷും വിനോദും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് കോടതി വരാന്തയില്‍ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും പൊലീസിനും വിവരം ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com