ടിപി വധം: സിബിഐ അന്വേഷണത്തിനായി കെകെ രമ ഹൈക്കോടതിയില്‍

ടിപി വധം: സിബിഐ അന്വേഷണത്തിനായി കെകെ രമ ഹൈക്കോടതിയില്‍

കൊച്ചി: അര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രമ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏറ്റെടക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുന്‍സര്‍ക്കാര്‍ അന്വേഷണം സിബിഐയെ എല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ ഇതുവരെ സിബിഐ തയ്യാറിയിരുന്നില്ല. ഓണത്തിന് ശേഷം കേസ് കോടതി പരിഗണിക്കും.

കൊലക്കേസിന്റെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആര്‍എംപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് കേരള പോലീസിന് പരിമിതിയുണ്ടെന്നായിരുന്നു ആര്‍എംപി പറഞ്ഞത്. രമയുടെ ആവശ്യം ന്യായമാണെന്നായിരുന്നു ഇക്കാര്യത്തില്‍ വിഎസും പ്രതികരിച്ചിരുന്നത്.

വിവിധ കോണുകളില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് മുന്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി ഫയാസുമായി ടിപി വധക്കേസിലെ പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു കുറ്റവാളിയുമായുള്ള ബന്ധം ഗൗരവമായി കാണണമെന്നുമായിരുന്നു ആന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും കേസിലെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com