ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ യുവതിയുടെ ഫേസ്ബുക്ക് ലൈവ്: പൊലീസ് അന്വേഷണം ആരംഭിച്ചു

വീഡിയോ ലഭിച്ച വൈക്കം പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ദില്‍ന ബേബി
ദില്‍ന ബേബി

വൈക്കം: ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ് വൈറലായതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് അറിയിച്ചത്. വീഡിയോ ലഭിച്ച വൈക്കം പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂര്‍ ഹില്‍സില്‍ നെല്ലുവേലില്‍ ദില്‍ന ബേബി (29)യാണ് ഭര്‍ത്താവിന്റെ പീഡനം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ലൈവ് പോസ്റ്റ് ചെയ്തത്. വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ അടച്ചിട്ട മുറിയില്‍ നിന്നായിരുന്നു വീഡിയോ സന്ദേശം. റിസോര്‍ട്ടിലെ ജനറല്‍ മാനേജരായ അഭിജിത്ത് തന്നെ മര്‍ദിച്ചതായും വധഭീഷണി മുഴക്കിയതായും ദില്‍ന വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന് വേറെ വിവാഹം കഴിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നും തനിക്ക് ഭര്‍ത്താവിനെ പേടിയാണെന്നും രക്ഷിക്കണമെന്നും ദില്‍ന ലൈവിലൂടെ പറയുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നെറ്റിയിലുണ്ടായ പരിക്കും കാണിച്ചു. 

തുടര്‍ന്ന് വൈക്കം എസ്‌ഐ എം സാഹിലിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം വൈക്കം ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പവേശിപ്പിച്ചു. യുവതിയെ ഭര്‍ത്താവ് ആക്രമിച്ചതായി പരാതി ലഭിച്ചെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്നും വൈക്കം സിഐ ബിനു പറഞ്ഞു. 

വ്യത്യസ്ത മതവിശ്വാസത്തില്‍പ്പെട്ട ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഇവരുടെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കുടുംബകോടതിയില്‍ കേസ് നടക്കുകയാണ്. ക്രിസ്ത്യന്‍ മത വിശ്വാസിയായ ദില്‍നയും ഹിന്ദു മത വിശ്വാസിയായ അഭിജിത്ത് ബാലനും വിവാഹിതരാകുമ്പോള്‍ ദില്‍ന ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തിരുന്നു. 2014 ജനുവരി 17ന് കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് മതം മാറിയത്. വിവാഹശേഷം ഇവര്‍ ചെമ്മാനകരിയിലെ റിസോര്‍ട്ടില്‍ ജനറല്‍ മാനേജര്‍ക്കുള്ള മുറിയില്‍ താമസമാക്കി. 

ഇതിനിടെ അഭിജിത്തിന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തുന്നതായി യുവതി പറഞ്ഞു. 2017 ജനുവരി 17ന് യുവതിയുടെ വീട്ടിലേക്ക് അഭിജിത്ത് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു. ഇക്കാര്യം ദില്‍ന അറിഞ്ഞപ്പോള്‍ ചോദ്യം ചെയ്തു. അപ്പോള്‍ തന്റെ വീട്ടുകാരെ സമാധാനിപ്പിക്കാന്‍ ചെയ്തതാണെന്നും ഇത് കാര്യമാക്കേണ്ടെന്നും അഭിജിത്ത് യുവതിയെ പറഞ്ഞ് സമാധാനിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമായി. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ യുവതിയോട്, നമ്മുടെ സ്വകാര്യ ജീവിതം ഞാന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് യൂട്യൂബില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജൂലൈ നാല് മുതല്‍ ദില്‍നയും അഭിജിത്തും റിസോര്‍ട്ടിലെ മുറിയില്‍ രണ്ടായി കഴിയുകയായിരുന്നു. 

ഇതുകൂടാതെ പിണറായി വിജയനും നരേന്ദ്രമോദിയും തന്റെ കുടുംബത്തിന്റെ ഇടംകയ്യും വലംകയ്യുമാണ് കൊന്നാലും നീതിപീഢം തങ്ങളെ ഒന്നും ചെയ്യില്ല എന്ന പറഞ്ഞും അഭിജിത്തും കുടുംബവും ദില്‍നയെ ഭീഷണിപ്പെടുത്തുന്നതായി ഇന്നലെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com