വ്യാജ രേഖ കേസ്; സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സെപ്തംബര്‍ 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്
വ്യാജ രേഖ കേസ്; സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: വ്യാജരേഖ കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം. സെപ്തംബര്‍ 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

ചികിത്സയുടെ പേര് പറഞ്ഞ് എട്ട് മാസം അവധിയിലായിരുന്നു എന്ന വ്യാജ രേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്നും എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് സെന്‍കുമാറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

സിപിഎം കൗണ്‍സിലറായ എ.ജെ.സുക്കാര്‍ണോയാണ് വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ച് സെന്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയായിരുന്നു സെന്‍കുമാറിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 31 വരെ അവധി എടുത്തതിന് അര്‍ദ്ധ വേതന അവധി അപേക്ഷയായിരുന്നു സെന്‍കുമാര്‍ സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ പിന്നീട് ഇത് കമ്മ്യൂട്ടഡ് ലീവായി പരിഗണിക്കണമെന്ന ആവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കി. ഈ അപേക്ഷയ്‌ക്കൊപ്പം ഗവ.ആയുര്‍വേദ കോളെജിലെ ഡോ.വി.കെ.അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് കാണിച്ചാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com